ജയസൂര്യ നായകനാകുന്ന ‘താങ്ക് യു’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ഒരു ഫാമിലി ത്രില്ലറാണ് ഈ വി കെ പ്രകാശ് ചിത്രം.
‘താന്തോന്നി’ എന്ന സിനിമയുടെ കനത്ത പരാജയത്തിന് ശേഷം ഒരു വലിയ ഇടവേളയെടുത്ത ബാനര്‍ ‘മരിക്കാര്‍ ഫിലിംസ്’ നിര്‍മ്മാണരംഗത്തേക്ക് തിരിച്ചുവരികയാണ് ‘താങ്ക് യു’വിലൂടെ. വിവിധ അവകാശങ്ങള്‍ വിറ്റതുവഴി ചിത്രം റിലീസിന് മുമ്പേ ലാഭം നേടിക്കഴിഞ്ഞതായാണ് വിവരം.
‘10.30 എ എം ലോക്കല്‍ കോള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് അരുണ്‍ലാലാണ് ‘താങ്ക് യു’ രചിച്ചിരിക്കുന്നത്. “മുംബൈ പൊലീസിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു ദിവസം അര്‍ദ്ധരാത്രി 12 മണിക്കാണ് അരുണ്‍ലാല്‍ ഈ കഥ എന്നോട് പറയുന്നത്. കഥ കേട്ട ഞാന്‍ ആകെ ത്രില്ലടിച്ചു. ഉടന്‍ തന്നെ ഈ കഥ വി കെ പിയെ വിളിച്ചുപറഞ്ഞു. പിന്നീട് നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദിക്കയെയും കഥ കേള്‍പ്പിച്ചു. എല്ലാവര്‍ക്കും കഥ ഇഷ്ടമായി. ഒരുപാട് സന്ദേശങ്ങളുള്ള ഒരു നല്ല സിനിമയാണിത്” - ജയസൂര്യ പറഞ്ഞു.
7 ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ, പച്ചക്കിളി മുത്തുച്ചരം, കുസേലന്‍, പൊയ് സൊല്ലപ്പോറോം, തീരാത്ത വിളയാട്ടുപിള്ളൈ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അരവിന്ദ് കൃഷ്ണയാണ് ‘താങ്ക് യു’വിന്‍റെ ക്യാമറാമാന്‍. ‘മൈന’ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സേതു ‘താങ്ക് യു’വില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു.
ജയസൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല. അയാള്‍ സമൂഹത്തില്‍ എവിടെയും കാണാവുന്ന ഒരു സാധാരണക്കാരനാണ്. അസാധാരണ ജീവിതം ജീവിക്കുന്ന ഒരു സാധാരണക്കാരന്‍!
ഹണി റോസാണ് ചിത്രത്തിലെ നായിക. ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് ഹണി എത്തുന്നത്. സൈജു കുറുപ്പ്, ഐശ്വര്യാ ദേവന്‍, ടിനി ടോം, കൈലാസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.