ഞങ്ങള്‍ തമ്മില്‍ പ്രശ്നമോ, ഇല്ലേയില്ല!: ചിമ്പു, നയന്‍‌താര

Webdunia
വെള്ളി, 6 ഏപ്രില്‍ 2012 (11:28 IST)
PRO
PRO
അവസാനം മാധ്യമങ്ങളോട് നയന്‍‌താരയും ചിമ്പുവും വായ തുറന്നു. തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവും ഇല്ലെന്നും ഒരുമിച്ച് അഭിനയിക്കാന്‍ സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ അതുചെയ്യുമെന്നും നയന്‍‌താരയും ചിമ്പുവും മാധ്യമങ്ങളെ അറിയിച്ചു. തന്റെ പുതിയ സംരംഭമായ ‘വാല്‍’ സിനിമയില്‍ നയന്‍‌താരയെ അഭിനയിപ്പിക്കാന്‍ ചിമ്പു പതിനെട്ട് അടവും എടുക്കുന്നുണ്ടെന്നും എന്നാല്‍ നയന്‍‌താര പ്രതിഫലം അടക്കം പല കാര്യങ്ങളിലും നിബന്ധന വച്ചിട്ടുണ്ടെന്നും ഗോസ്സിപ്പ് പരന്നതിനാലാണ് ഇരുവരും മൌനം ഭേദിച്ചത്.

“വാലില്‍ അഭിനയിക്കാന്‍ എന്നെ സം‌വിധായകന്‍ ക്ഷണിച്ചത് സത്യം തന്നെയാണ്. ഞാനിപ്പോള്‍ മൂന്ന് തെലുങ്ക് സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എന്റെ പക്കല്‍ ഡേറ്റില്ല. വാലിന്റെ നിര്‍മാതാവുമായി ഞാന്‍ ഇതുവരെ സം‌സാരിച്ചിട്ടില്ല. ഞാന്‍ മൂന്ന് കോടി പ്രതിഫലം ചോദിച്ചു എന്നൊക്കെ എഴുതിവിടുന്നത് സത്യത്തിന് നിരക്കാത്തതാണ്. എന്റെ കാരവന്റെ അരികില്‍ ചിമ്പു വരരുതെന്ന് ഞാന്‍ നിബന്ധന വച്ചു എന്ന് പറയുന്നതും അസത്യമാണ്. ഇങ്ങിനെയൊക്കെ പറയുന്ന ഒരു പെണ്ണല്ല ഞാന്‍!”

“ചിമ്പുമായി അഭിനയിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നും ഇല്ല. സത്യത്തില്‍ എനിക്കും ചിമ്പുവിനും ഇടയില്‍ ഒരു പ്രശ്നവും ഇല്ല. എന്റെ കയ്യില്‍ ഡേറ്റുണ്ടെങ്കില്‍ ഞാന്‍ ചിമ്പുവിനൊപ്പം അഭിനയിക്കും. ഇല്ലെങ്കില്‍ അഭിനയിക്കില്ല. ഞങ്ങള്‍ തമ്മില്‍ വഴക്കിലാണ് എന്നൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഞാനും ചിമ്പുവും ഒരുമിച്ച് അഭിനയിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കാണ് കൂടുതല്‍ ശുഷ്കാന്തി. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെങ്കില്‍ അതാദ്യം പറയേണ്ടത് ചിമ്പും ഞാനുമാണ്. അല്ലാതെ മാധ്യമങ്ങളല്ല” - നയന്‍‌താര നയം വ്യക്തമാക്കുന്നു.

“നയന്‍‌താരയുടെ കൂടെ അഭിനയിക്കുന്നതില്‍ എനിക്കൊരു പ്രശ്നവും ഇല്ല. വാലില്‍ അഭിനയിക്കാന്‍ നയന്‍‌താര ചില നിബന്ധനകള്‍ വച്ചു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ സത്യമില്ല. ഞാനും നയന്‍‌താരയും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കണോ എന്ന് തീരുമാനിക്കേണ്ടത് സം‌വിധായകനും നിര്‍മാതാവുമാണ്. അവരങ്ങനെ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കും. എനിക്കും നയന്‍‌താരയ്ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അത് ശരിയല്ല” - എന്നാണ് ചിമ്പു പറയുന്നത്.

എന്തായാലും ചിമ്പുവിനെയും നയന്‍‌താരയെയും പറ്റിയുള്ള ഗോസ്സിപ്പ്, പുറത്തിറങ്ങാന്‍ പോകുന്ന ‘വാല്’ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. നയന്‍‌താരയും ചിമ്പും മുമ്പ് ഒരുമിച്ച് അഭിനയിച്ച ‘വല്ലവന്‍’ എന്ന അറുവഷളന്‍ പടം ഇരുവരുടെയും ‘ലിപ്പ്‌ ലോക്ക്’ പോസ്റ്ററിന് കിട്ടിയ പ്രചാരം കൊണ്ടാണ് പൈസ തിരിച്ചുപിടിച്ചത്! വാലിനും അപ്പോള്‍ പ്രതീക്ഷയുണ്ട്.