ജാക്കിയ്ക്ക് കൂട്ടായി ശോഭന

Webdunia
ബുധന്‍, 21 ജനുവരി 2009 (12:48 IST)
PROPRO
മോഹന്‍ലാല്‍ - ശോഭന കൂട്ടുകെട്ട് മലയാള സിനിമയിലെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മയാണ്. ഇവര്‍ ഒന്നിച്ച സിനിമകളൊക്കെ വമ്പന്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ ശോഭനയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കുന്നു.

ചിത്രീകരണം നടന്നുവരുന്ന ‘സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍ ശോഭന നായികയല്ല. എന്നാല്‍ കഥയില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമാണിത്.

അടുത്തകാലത്തായി നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ശോഭന മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കുന്നുള്ളൂ. ‘നാളെ’ എന്നൊരു മലയാള ചിത്രത്തിലും ശോഭന ഉടന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി പി ബാലഗോപാലന്‍ എം എ, കുഞ്ഞാറ്റക്കിളികള്‍, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, തേന്‍‌മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, പവിത്രം, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം തുടങ്ങിയവയാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച പ്രധാന ചിത്രങ്ങള്‍.

ദുബായ്, ഗോവ, കേരളത്തിലെ വിവിധ ലോക്കേഷനുകള്‍ എന്നിവിടങ്ങളിലായാണ് സാഗര്‍ ഏലിയാസ് ജാക്കി പൂര്‍ത്തിയാകുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. ഇരുപതാം നൂറ്റാണ്ട് എന്ന പഴയകാല സൂപ്പര്‍ഹിറ്റിലെ സാഗര്‍ എന്ന കഥാപാത്രത്തെ മാത്രം കടമെടുത്ത് സൃഷ്ടിച്ചതാണ് ഇതിന്‍റെ കഥ. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം ആശീര്‍വാദ് സിനിമാസ്.