ക്രിസ്ത്യന്‍ ബ്രദേഴ്സിന് 300 പ്രിന്‍റ്, റിലീസ് മാര്‍ച്ച് 10ന്

Webdunia
ചൊവ്വ, 11 ജനുവരി 2011 (17:37 IST)
PRO
‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വരികയാണ്. അത് ‘ഒരൊന്നൊന്നര വരവ്’ ആക്കാനാണ് സംവിധായകന്‍ ജോഷിയും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ശ്രമിക്കുന്നത്. മുന്നൂറ് പ്രിന്‍റുകളാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. റിലീസ് ഡേറ്റും നിശ്ചയിച്ചു - മാര്‍ച്ച് 10.

ചിത്രത്തിന്‍റെ റിലീസ് ലോകവ്യാപകമായി നടത്താനാണ് തീരുമാനം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക, യു എ ഇ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ലണ്ടന്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 10നു തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശനത്തിനെത്തും. ഒരു മലയാള സിനിമ ലോകവ്യാപകമായി ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.

സിനിമയുടെ ആദ്യ കോപ്പി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനിക്കുമ്പോള്‍ ഗംഭീരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാള സിനിമയില്‍ ഇത്രയും പെര്‍ഫെക്ഷനുള്ള ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് അഭിപ്രായം.

മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയ വമ്പന്‍ താരനിരയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അണിനിരക്കുന്നത്. പൊന്നിന്‍‌വിലയുള്ള തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ട്വന്‍റി20ക്ക് ശേഷം ജോഷിയുമായി ഒത്തുചേരുകയാണ്.

എ വി അനൂപും മഹാ സുബൈറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് വര്‍ണചിത്ര ബിഗ്സ്ക്രീന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.