കിംഗ് കോംഗില്‍ എന്തുണ്ടോ അത് പുലിമുരുകനിലുമുണ്ട്!

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (20:26 IST)
മോഹന്‍ലാലിന്‍റെ ‘പുലിമുരുകന്‍’ എന്ന് പ്രദര്‍ശനത്തിനെത്തുമെന്ന് കൃത്യമായ വിവരമില്ല. റിലീസ് ഡേറ്റ് കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും എത്രയും വേഗം ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായി തകൃതിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ.
 
ഈ സിനിമയുടെ ലൊക്കേഷനുകളാണ് ചിത്രത്തെ ഏവരും കാത്തിരിക്കുന്ന ഒരു പ്രൊജക്ടാക്കി മാറ്റുന്നത്. വിയറ്റ്‌നാമിലെ കൊടും വനങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പുലികളും കടുവകളും ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ വരെ ഇവിടെ ചിത്രീകരിച്ചു. മോഹന്‍ലാല്‍ ഡ്യൂപ്പുകളുടെ സഹായമില്ലാതെ ചെയ്യുന്ന സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും.
 
മറ്റൊരു വിവരം, വിയറ്റ്‌നാമിലെ സണ്‍ ഡൂംഗ് ഗുഹയില്‍ പുലിമുരുകന്‍റെ ഷൂട്ടിംഗ് ഒരു മാസത്തോളം ഉണ്ടായിരുന്നു എന്നതാണ്. ഒമ്പത് കിലോമീറ്റര്‍ നീളത്തില്‍ ഉള്ള ഈ ഗുഹയില്‍ അതീവ സാഹസികമായാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
 
പീറ്റര്‍ ഹെയ്‌ന്‍ കൂടുതല്‍ ആക്ഷന്‍ രംഗങ്ങളും ഒരുക്കിയിട്ടുള്ളത് ഈ ഗുഹയുടെ വന്യതയുടെ പശ്ചാത്തലത്തിലാണ്. ‘കിംഗ് കോംഗ് 2’ എന്ന ഹോളിവുഡ് ചിത്രത്തിലെ അനവധി രംഗങ്ങള്‍ നേരത്തേ ഇതേ ലൊക്കേഷനില്‍ ചിത്രീകരിച്ചിട്ടുണ്ട്.
 
എന്തായാലും കാഴ്ചയുടെ വസന്തമായിരിക്കും പുലിമുരുകന്‍ എന്ന് ബോധ്യപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.