കാവ്യയെ തളര്‍ത്തിയത് കടുത്ത പീഡനം?

Webdunia
ശനി, 25 ജൂലൈ 2009 (16:37 IST)
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ കാവ്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്ന് സൂചന. വിവാഹത്തിനു മുമ്പു തന്നെ നിശാലുമായുള്ള ബന്ധം ശരിയാവില്ലെന്നും പിന്‍‌മാറാമെന്നും കാവ്യയെ മാതാപിതാക്കളും ബന്ധുക്കളും ഉപദേശിച്ചിരുന്നത്രേ. എന്നാല്‍, എന്തും സഹിക്കാന്‍ തയ്യാറാണെന്നും ഇനി പിന്‍‌മാറുന്നത് ശരിയല്ലെന്നും കാവ്യ പറഞ്ഞതനുസരിച്ചാണ് വിവാഹം നടന്നത്. കാവ്യയ്ക്ക് വിവാഹത്തില്‍ നിന്ന് പിന്‍‌മാറുന്നതിന് വേറെയും തടസങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്ന്, യഥാര്‍ത്ഥ വിവാഹം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് കാവ്യയും നിശാലും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു എന്നതാണ്!

വിവാഹത്തിനു ശേഷം ഉടന്‍ തന്നെ കുവൈറ്റിലേക്ക് പോകണമെന്നും അതിന്‍റെ വിസ ശരിയാക്കുന്നതിനായി എത്രയും വേഗം വിവാഹം രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖകള്‍ വേണമെന്നും നിശാലിന്‍റെ വീട്ടുകാര്‍ കാവ്യയോട് ആവശ്യപ്പെട്ടത്രേ. ഈ ആവശ്യം ന്യായമാണെന്ന് തോന്നിയ കാവ്യയുടെ കുടുംബം ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം നേരത്തേ നടത്തുകയായിരുന്നു. നിശാലിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യയുടെ വീട്ടുകാര്‍ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിനാല്‍ പിന്നീട് ബന്ധത്തില്‍ നിന്നും പിന്‍‌മാറാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി.
PROPRO

വിവാഹത്തിനു ശേഷം എല്ലാം ശരിയാകുമെന്നായിരുന്നു കാവ്യയുടെ വിശ്വാസം. താന്‍ ഇനി അഭിനയിക്കുന്നില്ലെന്ന് കാവ്യ നിശാലിനെയും വീട്ടുകാരെയും അറിയിച്ചു. അതു സമ്മതിച്ചെങ്കിലും, വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ കാവ്യയ്ക്ക് നിശാലിന്‍റെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വന്നുവത്രേ. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കില്‍ കാവ്യയുടെ പേരില്‍ ഒരു നൃത്തവിദ്യാലയം കുവൈറ്റില്‍ ആരംഭിക്കാനായിരുന്നു നിശാലിന്‍റെയും വീട്ടുകാരുടെയും നീക്കം. എന്നാല്‍ അതിനും കാവ്യ സമ്മതിച്ചില്ല. തനിക്ക് വീട്ടമ്മയായി ഒതുങ്ങിക്കഴിയാനാണ് താല്‍‌പര്യമെന്ന് കാവ്യ വ്യക്തമാക്കി.

ഇതിനിടയില്‍ കാവ്യയെ പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് പങ്കെടുപ്പിക്കാനും ശ്രമമുണ്ടായി. കുവൈറ്റില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് കാവ്യയെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയും വന്‍ തുക പാരിതോഷികമായി കൈപ്പറ്റുകയും ചെയ്തു. ഇതോടെ നിശാലുമായി ഒത്തുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കാവ്യയ്ക്ക് സംശയമായി.

സിനിമയില്‍ അഭിനയിക്കില്ലെന്ന് കാവ്യ വ്യക്തമാക്കിയിരുന്നെങ്കിലും പല സംവിധായകരുമായും നിര്‍മ്മാതാക്കളുമായും കാവ്യയുടെ മടങ്ങിവരവിനെക്കുറിച്ച് നിശാല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവത്രേ. കാവ്യയെ അഭിനയിക്കാന്‍ സമ്മതിപ്പിക്കാമെന്ന് പ്രശസ്തനായ ഒരു സംവിധായകനോട് ഉറപ്പു നല്‍കുകപോലും ചെയ്തു. ഇതിനിടയില്‍ സ്ത്രീധനം പോരെന്നും അഞ്ചു കോടി രൂപയും നീലേശ്വരത്തെയും എറണാകുളത്തെയും വീടുകളും നല്‍കണമെന്ന ആവശ്യവും നിശാലിന്‍റെ വീട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായി. പണത്തിനു വേണ്ടി മാത്രമാണ് നിശാല്‍ തന്നെ വിവാഹം കഴിച്ചതെന്ന് കാവ്യ തിരിച്ചറിയുകയായിരുന്നു.

വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ തന്നെ കാവ്യാ മാധവനും കുടുംബവും ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന. വിവാഹമോചനത്തോട് നിശാലിനും എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.