ഇത്തവണ ഓണത്തിന് താരയുദ്ധം ഉണ്ടാകില്ല. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഓണത്തിന് പുതിയ സിനിമ റിലീസ് ചെയ്യാനാകില്ലെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ഓണത്തിന് നേട്ടമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് ചെറുതാര സിനിമകള്‍. പൃഥ്വിരാജിന്‍റെ രണ്ട് ചിത്രങ്ങളാണ് ഓണത്തിന് എത്തുന്നത്
ഓണം-റംസാന്‍ വിപണി ഏകദേശം അടുത്തു വന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഓണം കഴിഞ്ഞ് മൂന്നാഴ്‌ചക്കുള്ളില്‍ റംസാന്‍ വിപണിയും എത്തുന്നു. മിക്ക നിര്‍മ്മാതാക്കളും റംസാന്‍ വിപണിക്ക് വേണ്ടി ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
മലയാളത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രമായ മോഹന്‍ലാല്‍ ചിത്രം ‘ആകാശ ഗോപുരം’ ഓണത്തിന് മുമ്പ് തന്നെ തിയേറ്ററില്‍ എത്തുകയാണ്. ഓഗസ്‌റ്റ് 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുഖ്യധാര സിനിമ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന ചിത്രമായിരിക്കില്ല ‘ആകാശഗോപുരം’. രഞ്‌ജിത്ത് നായകനായ ജയരാജ് ചിത്രം ‘ഗുല്‍മോഹറും’ ഓണത്തിന് മുമ്പ് റിലീസ് ചെയ്യും.
മമ്മൂട്ടിയുടെ ‘മായബാസാറും’ ഓണം കഴിഞ്ഞ് മാത്രമേ റിലീസ് ചെയ്യു. അമ്മയുടെ ‘ട്വന്‍റി20’യും ഓണത്തിന് പൂര്‍ത്തിയാകില്ല. ജയറാമിന്‍റെ ‘പാര്‍ത്ഥന്‍ കണ്ട പരലോകം’, വിനു മോഹന്‍റെ ‘സുല്‍ത്താന്’, റോബിന്‍ തിരുമലയുടെ ‘ചെമ്പട’, സുരേഷ് ഗോപിയുടെ ‘താവളം’ തുടങ്ങിയ ചിത്രങ്ങള്‍ ഓണ വിപണി ലക്‍ഷ്യമാക്കി തയ്യാറെടുക്കുകയാണ്.
യുവ നടന്‍ പൃഥ്വിരാജിന്‍റെ രണ്ട് ചിത്രങ്ങള്‍ ഓണത്തിന് റിലീസ് ചെയ്യും. നടന്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ‘തലപ്പാവും’ രഞ്‌ജിത്ത് ഒരുക്കുന്ന ‘തിരക്കഥ’യും ആണ് ഇവ. കൊമേഴ്‌സ്യല്‍ ചേരുവകളുമായി ഒരുങ്ങുന്ന ‘തിരക്കഥ’യായിരിക്കും ഓണത്തിന് നേട്ടമുണ്ടാക്കുക എന്നാണ് പ്രതീക്ഷ.