ആരംഭത്തില്‍ അജിത് വില്ലന്‍!

Webdunia
ശനി, 19 ഒക്‌ടോബര്‍ 2013 (18:37 IST)
PRO
തല അജിത് വില്ലനായി അഭിനയിക്കുന്നത് ഒരു പുതിയ കാര്യമല്ല. ‘വാലി’ എന്ന സിനിമയിലെ രണ്ട് കഥാപാത്രങ്ങളില്‍ ഒരാള്‍ പക്കാ വില്ലനായിരുന്നു. എന്തിന്, ‘മങ്കാത്ത’യില്‍ നായകനായിരിക്കുമ്പോള്‍ തന്നെ വില്ലനായിരുന്നു അജിത്തിന്‍റെ വിനായക് മഹാദേവന്‍.

പുതിയ വാര്‍ത്ത, ‘ആരംഭം’ എന്ന പുതിയ ചിത്രത്തിലും അജിത്തിന് വില്ലന്‍ വേഷമാണ് എന്നതാണ്. രണ്ട് മുഖങ്ങളാണ് ഈ സിനിമയില്‍ അജിത്തിന് സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍ നല്‍കിയിരിക്കുന്നത്. അതില്‍ ഒരു മുഖം വില്ലത്തരങ്ങളുടേതാണെന്നാണ് വിവരം.

ആര്യ, നയന്‍‌താര, തപസി എന്നിവരാണ് ആരംഭത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ദീപാവലിക്കാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാ‍ണ് ആരംഭത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിത്തിനുവേണ്ടി ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനമുണ്ടായിരുന്നു.

പ്രിയദര്‍ശന്‍റെ ഫോര്‍ ഫ്രെയിംസ് പ്രിവ്യു തിയേറ്ററില്‍ വച്ചാണ് അജിത് ‘ആരംഭം’ കണ്ടത്. സിനിമ കഴിഞ്ഞപ്പോള്‍ തനിക്ക് ഇത്രയും ഗംഭീരമായ ഒരു സിനിമ സമ്മാനിച്ച സംവിധായകന്‍ വിഷ്ണുവര്‍ദ്ധന് അജിത് നന്ദി പറഞ്ഞു.

മൂന്ന് മാസം കൊണ്ടാണ് ആരംഭം എന്ന സിനിമയുടെ കഥയുടെ ആദ്യരൂപം തിരക്കഥാ‍കൃത്തുക്കളായ സുബ(സുരേഷ്, ബാല) തയ്യാറാക്കിയത്. ഈ സിനിമയിലെ കഥാപാത്രമാകാന്‍ വേണ്ടി ദിവസവും ഏഴു മണിക്കൂര്‍ സമയം ജിമ്മില്‍ ചെലവഴിക്കാന്‍ അജിത് തയ്യാറായി. ഒട്ടേറെ സര്‍ജറികള്‍ക്ക് വിധേയനായിട്ടുള്ള ഒരു നടന്‍ എന്ന നിലയില്‍ അജിത്തിന് അത് ഒട്ടും അനായാസകരമായ സംഗതിയായിരുന്നില്ല. അജിത്തിന് സിനിമയോടുള്ള കമ്മിറ്റ്മെന്‍റാണ് ഇത് സൂചിപ്പിക്കുന്നത്.

അജിത്തും വിഷ്ണുവര്‍ദ്ധനും നയന്‍‌താരയും ഇതിന് മുമ്പ് ഒന്നിച്ചത് 2007ല്‍ ബില്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആ സിനിമ ചരിത്രവിജയവുമായിരുന്നു.