സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മിക്ക തിയെറ്ററുകളിലും ഹൌസ്ഫുള് ഷോകളാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര് ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് ചെറുകഥാകൃത്ത് ദേവദാസ് തന്റേ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാകുന്നു.
പറവ കണ്ടിറങ്ങുന്ന ഓരോ ആള്‍ക്കും ഒരു ചോദ്യമുണ്ടാകും. ആരാണ് ശരിക്കും പറവ? ഇച്ചാപ്പിയോ അസീബോ? അതുമല്ലെങ്കില്‍ ഷെയിനോ ഇമ്രാനോ? എന്നാല്‍ ദേവദാസ് പറയുന്നത് ഇവരാരുമല്ല പറവകള്‍ എന്നാണ്. താന്‍ കണ്ടതില്‍ ശരിക്കും പൊളി പറവകള്‍ സൌബിനും ശ്രീനാഥ് ഭാസിയുമാണെന്ന് ദേവദാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ദേവദാസിന്റെ വാക്കുകള്‍:
ഇച്ചാപ്പിയോ അസീബോ ഷെയിനോ ഇമ്രാനോ ഒന്നുമല്ല, ഞാന്‍ കണ്ടതില്‍ ശരിക്കും പൊളി പറവകള്‍ സൗബിനും ശ്രീനാഥുമാണ്. സിനിമാറ്റിക് ഡാന്‍സിനോട് കമ്പമുള്ള ചെറുപ്പക്കാരായ രണ്ട് പറവകള്‍. അവരുടെ നൃത്തം തിരശ്ശീലയില്‍ കാണിക്കുന്നില്ലെങ്കിലും ചുവടുകളുമായി അവരങ്ങനെ ഉയരെ പറന്നു നടക്കുകയായിരിക്കണം.
തിടുക്കത്തില്‍ കഴുകിയതിനാല്‍ പാതി ചായം മാത്രം പോയ മുഖവും, കുഞ്ഞു ബാഗിനുള്ളില്‍ തിരുകിക്കയറ്റുന്ന തിളക്കമുള്ള വിലകുറഞ്ഞ കുപ്പായങ്ങളുമായി കവലയില്‍ നില്ക്കുന്ന അവരെ കണ്ടാലറിയാം നൃത്തത്തിനോടുള്ള അഭിനിവേശം. ചെറിയ തുകയ്ക്കൊ മറ്റോ ഒരു ഡാന്‍സ് പ്രോഗ്രാം കഴിഞ്ഞു വരുന്നതിന്റെ പങ്കപ്പാടുമായി, ചെറുപ്പത്തിന്റെ തിളപ്പിലെ ഒരിത്തിരി ലഹരി ഭ്രമത്തില്‍ (അതൊരു പക്ഷെ പോപ്പ് സ്റ്റാറുകളെ അനുകരിക്കുന്നതുമാകാം) കവലയില്‍ നില്‍ക്കെ, ഇങ്ങോട്ട് വന്ന് മെക്കട്ടുകയറുന്നവരുമായുള്ള തര്‍ക്കത്തിനിടെ അതിലൊരു നര്ത്തകന് പറവയുടെ നടുവൊടിയുന്നു.
അതു കാണുന്ന കൂട്ടുകാരന് പറവ തങ്ങള്‍ക്കു നേരെ വരുന്നവരെ കൊത്തിയകറ്റാന്‍ ശ്രമിക്കുന്നു. തല്ലും തര്‍ക്കവും തുടരുന്നതിനിടെ നടുപോയവന്റെ ഉള്ളംകാലില്‍ കത്തി കയറ്റുന്നു. ചടുലചലനങ്ങള് കാഴ്ചവയ്ക്കേണ്ടുന്ന ഒരു നര്‍ത്തകനെ സംബന്ധിച്ചിടത്തൊളം ഏറ്റവും പ്രധാനപ്പെട്ട ശരീരഭാഗങ്ങളാണ് അരക്കെട്ടും കുതികാലും. അവയ്ക്ക് മുറിവേറ്റാല്‍ പിന്നെ ചിറകും കാലുമൊടിഞ്ഞ പറവയ്ക്ക് സമമാണ് ജീവിതം.
അതുകൊണ്ട് പോലീസല്ല, ജയിലല്ല, ഉപ്പമാരല്ല, നന്മമരങ്ങളങ്ങിനെയെത്ര ചുറ്റും കൂടി നിന്നാലും തരം കിട്ടിയാൽ ആ പറവകൾ അവയ്ക്കു മുകളിൽ വന്നിരുന്ന് കാഷ്ഠിയ്ക്കും, കൊക്കിന് ജീവനുണ്ടെങ്കിൽ മുറിഞ്ഞ ചിറകും വച്ച് ഏന്തിവലിഞ്ഞു പറന്നുവന്ന് കൊത്തുകയും ചെയ്യും. കാരണം ബാക്കിയുള്ളവരെല്ലാം മനുഷ്യരാണ്... അവരാണ് ശരിക്കും പറവകൾ..