തന്റെ സ്വകാര്യതകളെ കുറിച്ച് ഒരിക്കലും എവിടെയും പ്രതികരിക്കാത്ത നടിയാണ് തൃഷ കൃഷ്ണന്‍. ഒരിക്കൽ വിവാഹം വരെ എത്തിയ ഒരു ബന്ധം വഴിപിരിഞ്ഞുപോയിരുന്നു. അതിനും മുന്നേ തൃഷയ്ക്ക് നടൻ റാണ ദഗ്ഗുപതിയുമായി ബന്ധമുണ്ടായിരുന്നു. ആദ്യമൊക്കെ വെറും ഗോസിപ്പ് മാത്രമായിരുന്നു ഇത്. എന്നാൽ, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ വരെ സമ്മതിച്ചെങ്കിലും തൃഷ ഒരിക്കലും ഈ ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല.
എന്നാല്‍ തന്റെ വിവാഹമൊക്കെ കഴിഞ്ഞതിന് ശേഷം റാണ ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കരണ്‍ ജോഹര്‍ അവതരിപ്പിയ്ക്കുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ഒരു റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് റാണ ആ പ്രണയത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. പത്ത് വര്‍ഷത്തോളം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, ഡേറ്റിങ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ റാണ, ഒത്തു പോകില്ല എന്ന് തോന്നിയത് കാരണം ബ്രേക്കപ് ചെയ്തു എന്നാണ് പറഞ്ഞത്.
ഈ പ്രണയ ബന്ധത്തെ കുറിച്ചും തൃഷ എവിടെയും പറഞ്ഞിരുന്നില്ല. 41 കാരിയായ തൃഷ ഇന്നും അവിവാഹിതയാണ്. 2015 ല്‍ വരുണ്‍ മണിയന്‍ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, എന്നാല്‍ വിവാഹത്തിലേക്ക് എത്തുന്നതിന് മുന്‍പേ ആ ബന്ധം വേര്‍പിരിഞ്ഞു. വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേര്‍പിരിയാന്‍ കാരണം എന്നാണ് അനൗദ്യോഗിക വിവരം.