'രാവണപ്രഭുവിൽ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞു': വർഷങ്ങൾക്ക് ശേഷം വസുന്ധര ദാസ്

നിഹാരിക കെ.എസ്

ശനി, 11 ഒക്‌ടോബര്‍ 2025 (17:07 IST)
രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു മോഹൻലാലിന്റെ സ്റ്റാർഡത്തിന് ഏറെ മാറ്റ് നൽകിയ സിനിമയാണ്. ഇന്ന് 24 വർഷങ്ങൾക്ക് ശേഷം രാവണപ്രഭു റീ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാലിന്റെ കഥാപാത്രം പോലെ തന്നെ മലയാളികളുടെ മനസിലേക്ക് വരുന്നൊരു പേരാണ് വസുന്ധര ദാസിന്റേത്. 
 
സിനിമ പുറത്തിറങ്ങി 24 വർഷങ്ങൾക്കിപ്പുറവും വസുന്ധര ദാസ് എന്നാൽ മലയാളിയ്ക്ക് രാവണപ്രഭുവിലെ ജാനകിയാണ്. രാവണപ്രഭു വീണ്ടും തീയേറ്ററുകളിൽ ഓളം തീർക്കുമ്പോൾ വസുന്ധര ദാസും വീണ്ടും ചർച്ചകളിലേക്ക് കടന്നു വരികയാണ്.
 
ഇന്ന് രാവണപ്രഭുവിലെ ജാനകി ആരാധകരുടെ മനസിലെ മായാത്ത മുഖമാണ്. എന്നാൽ രഞ്ജിത്ത് രാവണപ്രഭുവിലെ നായികയെ തേടി വസുന്ധര സമീപിച്ചപ്പോൾ പലരും അതിനെ എതിർത്തു. തന്നെ നായികയാക്കരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നുവെന്നാണ് മാറ്റ്‌നി നൗവിന് നൽകിയ അഭിമുഖത്തിൽ വസുന്ധര ദാസ് പറയുന്നത്.
 
'രാവണപ്രഭുവിന് മുമ്പ് സിറ്റിസൺ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് സമയത്ത് ശരിക്കും മടുത്തിരുന്നു. ഇനി അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് രാവണപ്രഭുവിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് എത്ര ശ്രദ്ധിച്ചാണെന്ന് അദ്ദേഹം പറഞ്ഞു'' വസുന്ധര ദാസ് പറയുന്നു.
 
ജാനകി എന്ന കഥാപാത്രം തനിക്ക് ഇഷ്ടമായി. എന്നാൽ തന്നെ വച്ച് സിനിമ ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം അക്കാര്യം തന്നോട് പറയുന്നത്. താൻ സ്വതന്ത്ര്യ ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നവളുണാണെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. പലരും വേണ്ടെന്നും പറഞ്ഞിട്ടും തന്നെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്ന രഞ്ജിത്തിനോട് നന്ദി പറഞ്ഞുവെന്നും വസുന്ധര ദാസ് പറയുന്നു.
 
രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച സ്‌നേഹവും അംഗീകാരവും വലിയ നേട്ടമാണ്. ഇന്നും എവിടെപ്പോയാലും ആരെങ്കിലും അടുത്ത് വന്ന് വസുന്ധര ദാസ് അല്ലേ, ഞാൻ മലയാളിയാണെന്ന് പറയും. അതിന്റെ അർത്ഥം മറ്റാർക്കും മനസിലായില്ലെങ്കിലും തനിക്ക് അറിയാമെന്നാണ് വസുന്ധര ദാസ് പറയുന്നത്.
 
''ഈ ഭൂമിയുടെ ഏതെങ്കിലും കോണിൽ ഞാൻ ഒറ്റയ്ക്കാണെന്നോ എനിക്ക് സഹായമില്ലെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാൽ മതി, ലോകത്തെവിടെയായാലും എനിക്ക് സഹായം കിട്ടുമെന്ന് ഉറപ്പാണ്'' എന്നും വസുന്ധര ദാസ് പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍