നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ അവസാനിച്ചില്ല. നാല് നടിമാർ രാജിവെച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും വൻ ചർച്ചയ്‌ക്കാണ് വഴിതെളിച്ചത്. ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട ഊർമ്മിള ഉണ്ണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഊർമിള ഉണ്ണിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണവും കൂടിയായപ്പോൾ സൈബർ ആക്രമണത്തിന്റെ ഇരയായിരിക്കുകയാണ് ഊർമിള.
ഊർമ്മിളയുടെ ഫേസ്‌ബുക്ക് പേജിലായിരുന്നു സൈബർ ആക്രമണം ആദ്യം ഉണ്ടായത്. കടുത്ത ആക്രമണത്തെത്തുടർന്ന് നടി പിന്നീട് ഫേസ്‌ബുക്ക് പേജ് ഡീആക്‌ടിവേറ്റുചെയ്യുകയായിരുന്നു. എന്നാൽ അവിടം കൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. ഊർമിളയുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകൾ ഉത്തര ഉണ്ണിയുടെ ഫേസ്‌ബുക്കിലാണ് അസഭ്യവർഷം.
ഉത്തരയുടെ ഫോട്ടോയ്ക്കും പോസ്റ്റുകൾക്കും കീഴെ വളരെ മോശമായ തരത്തിലുള്ള പദപ്രയോഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഊർമിളയോടുള്ള രോഷം ഉത്തരയോടു തീർക്കുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.