സിനിമയിലേക്കെത്തിയ ആദ്യ നാളുകളിൽ വരുന്ന വേഷങ്ങളെല്ലാം ചെയ്താണ് മുന്നോട്ടു പോയിരുന്നതെന്നും നടനെന്ന നിലയിൽ വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പിന്നീട് ലാൽ ജോസ് ചിത്രമായ വിക്രമാദിത്യനിലെ വേഷമാണ് വഴിത്തിരവായതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഗലാട്ട പ്ലസ് നടത്തിയ പാൻ ഇന്ത്യൻ ആക്ടേഴ്‌സ് റൗണ്ട് ടേബിളിൽസംസാരിക്കുകയായിരുന്നു നടൻ.
'കയ്യിൽ വരുന്ന വേഷങ്ങളെല്ലാം ചെയ്യുന്ന രീതിയിലായിരുന്നു കരിയറിലെ ആദ്യ മൂന്ന് വർഷങ്ങൾ കടന്നുപോയത്. അതിനുശേഷം ലാൽ ജോസ് സാർ സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രമാണ് നടനെന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം നൽകിയത്. സെക്യുറായ ഒരു ഫീൽ നൽകിയത്. ഷൂട്ട് നടക്കുമ്പോഴും എനിക്ക് പകരം മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്നെല്ലാം തോന്നുമായിരുന്നു. പക്ഷെ ആ സിനിമക്ക് ശേഷം നടനായി തന്നെ തുടരാമെന്ന് എനിക്ക് തോന്നി.
അതിനുമുൻപ് സിനിമകളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും ആളുകൾ എന്ന നടനെന്ന രീതിയിൽ അഭിസംബോധന ചെയ്യുമ്പോൾ എനിക്കെന്തോ അതിൽ പൂർണമായ ഒരു ബോധ്യം തോന്നില്ലായിരുന്നു. അതൊരു ബുദ്ധിമുട്ടായി പോലും തോന്നുമായിരുന്നു. കാരണം എനിക്ക് ചുറ്റും കാണുന്ന മറ്റ് അഭിനേതാക്കളുടെ അത്രയും വർക്കുകൾ ഞാൻ ചെയ്തിട്ടില്ലായിരുന്നു. അവർ ചെയ്യുന്നത് പോലെയുള്ള മികച്ച വേഷങ്ങൾ എനിക്ക് ലഭിക്കുമോ എന്നറിയില്ലായിരുന്നു. പക്ഷെ വിക്രമാദിത്യൻ എന്നിൽ മാറ്റം വരുത്തി,' ഉണ്ണി മുകുന്ദൻ പറഞ്ഞു.