ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിട്ട് മമ്മൂട്ടിക്കമ്പനി. നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടിയില്‍ അധികം കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഓവര്‍സീസില്‍ 30 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.
ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ടര്‍ബോയുടെ ബോക്സ്ഓഫീസ് കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് ടര്‍ബോ എത്തിയേക്കും.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ആക്ഷന്‍-കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.