Turbo Second Part: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയ്ക്ക് രണ്ടാം ഭാഗം ഉറപ്പ്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തും. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ടര്‍ബോ അവസാനിക്കുന്നത്. രണ്ടാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിയും നിര്‍മാതാക്കളായ മമ്മൂട്ടിക്കമ്പനിയും നേരത്തെ സമ്മതം മൂളിയിട്ടുണ്ട്.
ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനമാണ് ടര്‍ബോ തുടരുന്നത്. റിലീസ് ചെയ്തു അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞു. അടുത്ത വീക്കെന്‍ഡ് കൂടി നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ചിത്രം അനായാസം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കും. ബോക്‌സ്ഓഫീസിലെ പോസിറ്റീവ് പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്താണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിനായുള്ള ആലോചനകള്‍ വേഗത്തിലാക്കിയിരിക്കുന്നത്.
ടര്‍ബോയില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം രാജ് ബി ഷെട്ടിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു വില്ലന്‍ അണിയറയില്‍ ഉണ്ടെന്ന സൂചന നല്‍കിയാണ് സിനിമയുടെ അവസാനം. മാത്രമല്ല ആ വില്ലന്‍ ആരാണെന്നും പ്രേക്ഷകര്‍ കണ്ടെത്തി കഴിഞ്ഞു ! ഒളിഞ്ഞിരിക്കുന്ന പ്രധാന വില്ലന്റെ ശബ്ദം മാത്രമാണ് അവസാനം പ്രേക്ഷകര്‍ കേള്‍ക്കുന്നത്. അത് വിജയ് സേതുപതിയുടെ ശബ്ദമാണ്. വിജയ് സേതുപതിക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് സിനിമ ആരംഭിക്കുന്നതും. എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ സൂചനകളൊന്നും പുറത്തുവിട്ടിരുന്നില്ല.