മലയാളം സിനിമാ ഫീൽഡിൽ നിരവധിപേർ ഇപ്പോൾ പരസ്‌പ്പരം പോരടിക്കുകയാണ്. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇതിൽ പല പ്രശ്‌നങ്ങളും പുറംലോകം അറിഞ്ഞത്. എല്ലാ പ്രശ്‌നങ്ങളും അവസാനം എത്തിനിന്നത് ദിലീപിലാണ്. ഇപ്പോൾ സംവിധായകൻ തുളസീദാസും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
കൂടുതൽ വെളിപ്പെടുത്തലുകളുമായാണ് തുളസീദാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കുട്ടനാടന്‍ എക്സ്പ്രസ് എന്ന ഒരു സിനിമ ചെയ്യുന്നതിനിടയിലായിരുന്നു സംഭവമെന്ന് തുളസിദാസ് പറയുന്നു. 'സിനിമയ്ക്ക് വേണ്ടി ഉള്ളാട്ടില്‍ ശശിധരന്‍ എന്ന പ്രൊഡ്യൂസറെ കൊണ്ടുവരികയും ദിലീപ് ഡേറ്റുതരാമെന്നും പറയുകയും ചെയ്‌തു.
എന്നാൽ ഒരു സ്ഥലം വാങ്ങാനായി ദിലീപ് നിര്‍മാതാവിനോട് 25 ലക്ഷം കടംചോദിക്കുകയും പ്രതിഫലത്തില്‍ കുറച്ചാല്‍ റൊക്കം കാശുതരാമെന്ന് നിര്‍മാതാവ് സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ അമ്പതുലക്ഷത്തിനു പകരം നാല്‍പ്പതുലക്ഷം കൊടുത്ത് നിര്‍മാതാവ് ഡേറ്റ് ഉറപ്പിച്ചു. മൂന്നുമാസംകൊണ്ട് പടം തീര്‍ക്കാമെന്നും ഉറപ്പിച്ചു.
എന്നാൽ ശേഷം ദിലീപ് പല പല ആവശ്യങ്ങളുമായി രംഗത്തുവന്നു. നായികയെ മാറ്റണം, ക്യാമറാമാനെ മാറ്റണം എന്നൊക്കെ ആയിരുന്നു ദിലീപിന്റെ ആവശ്യം'- തുളസീദാസ് പറഞ്ഞു. സൗഹൃദപരമായ ഇത്തരം നിര്‍ദേശങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സിനിമയുടെ നന്മയെച്ചൊല്ലി സഹകരിക്കാറുണ്ടെങ്കിലും ഈ ആജ്ഞാപിക്കുന്ന രീതിയോട് തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും തുളസീദാസ് പറയുന്നു.
സംവിധാനം എന്റെ ജോലിയാണ്. വെറും സ്റ്റാര്‍ട്ടും കട്ടും പറയുന്ന സംവിധായകനല്ല ഞാന്‍. സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് എനിക്ക് ധാരണയുണ്ടെന്ന് അല്പം കടുത്ത ഭാഷയില്‍ത്തന്നെ തനിക്കു പറയേണ്ടിവന്നുവെന്ന് തുളസീദാസ് പറഞ്ഞു. തുടര്‍ന്ന് നിര്‍മ്മാതാവിനെ സ്വന്തമാക്കി തന്നെ പുറത്താക്കി ക്രേസി ഗോപാലന്‍ എന്ന സിനിമയും തുടങ്ങിയെന്നും തുളസീദാസ് പറയുന്നു.
'മാക്ടയുടെ തലപ്പത്തിരിക്കുന്ന വിനയനും കെ മധുവും നടന്‍ സിദ്ദിഖുമെല്ലാം പറഞ്ഞപ്രകാരം ഞാന്‍ ഫെഫ്കയ്ക്ക് ഇതുസംബന്ധിച്ച് പരാതിനല്‍കിയെങ്കിലും തന്റെ കൂടെനില്‍ക്കാന്‍ തയ്യാറുള്ളവരെപ്പോലും ദിലീപ് വിലയ്ക്കു വാങ്ങി. വിനയനും കലൂര്‍ ഡെന്നീസും ബൈജു കൊട്ടാരക്കരയും മാത്രമേ അവസാനംവരെ കൂടെയുണ്ടായിരുന്നുള്ളൂവെന്നും തുളസീദാസ് പറഞ്ഞു.