'തുടരും' വ്യാജ പതിപ്പ് പ്രചരിക്കുന്നു

രേണുക വേണു

തിങ്കള്‍, 5 മെയ് 2025 (11:53 IST)
Thudarum - Mohanlal

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ക്വാളിറ്റി കൂടിയ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം.രഞ്ജിത്ത് പ്രതികരിച്ചു. 
 
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ അടക്കം പ്രചരിക്കുന്നത്. റിലീസ് ചെയ്തു 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 71 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്നലെ എട്ട് കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍