ഞാനൊരു മമ്മൂട്ടി ഫാൻ, മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ട കംഫേർട്ട് സോണുകളുണ്ട്; മനോജ്

നിഹാരിക കെ.എസ്

തിങ്കള്‍, 5 മെയ് 2025 (09:56 IST)
മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായി അടുത്ത സൗഹൃദമുള്ള നടനാണ് മനോജ് കെ ജയൻ. നടനായും, സഹനടനായും, വില്ലനായുമൊക്കെ തിളങ്ങിയ മനോജ് കെ ജയൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുന്നു. സഹപ്രവർത്തകർ എന്നതിൽ ഉപരി മമ്മൂട്ടിയുമായി മനോജ് കെ ജയന് നല്ലൊരു സൗഹൃദം വർഷങ്ങളായുണ്ട്. താനും നടൻ സിദ്ദീഖുമെല്ലാം മമ്മൂട്ടിയുടെ കംഫേർട്ട് സോണിൽ ഉൾപ്പെട്ടവരാണെന്ന് പറയുകയാണിപ്പോൾ നടൻ മനോജ് കെ ജയൻ.
 
അമ്മ അസോസിയേഷന്റെ മീറ്റിങിനൊക്കെ പോകുമ്പോൾ ഞാൻ എവിടെ എങ്കിലും മാറിപ്പോയി ഇരിക്കുകയാണ് ചെയ്യാറ്. അമ്മ അസോസിയേഷന്റെ മീറ്റിങിനൊക്കെ മമ്മൂക്ക വന്ന കഴിഞ്ഞാൽ സിദ്ദീഖോ മറ്റ് ആരെങ്കിലും അടുത്തുണ്ടാകും. വന്നാൽ ആദ്യം അദ്ദേഹം തിരക്കുന്നത് നമ്മളെയാകും. സിദ്ദീഖ് അവിടെ ഇല്ലെങ്കിൽ സിദ്ദീഖിനെ വിളി, മനോജ് എവിടെ? എന്നൊക്കെ ചോദിച്ച് മാറിയിരുന്ന നമ്മളെ വിളിച്ച് അടുത്തുകൊണ്ടിരുത്തും.
 
കാരണം പുള്ളിക്ക് ഇഷ്ടപ്പെട്ട ചില കംഫേർട്ടായിട്ടുള്ള സോണുകളുണ്ട്. അതിൽപ്പെട്ടയാളുകളാണ് നമ്മൾ. അതുകൊണ്ടായിരിക്കാം വിളിച്ച് അടുത്തിരുത്തുന്നത്. വിളിച്ച് ഇരുത്തുന്നതാണ്. നമ്മൾ മാറിയിരുന്നാൽ വിളിക്കും. അല്ലെങ്കിൽ ചിലപ്പോൾ അങ്ങോട്ട് പോയി അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കും. 
 
അതുപോലെ സുകൃതത്തിന്റെ സെറ്റിൽ വെച്ച് നാന മാ​ഗസീനിന്റെ ആളുകൾ വന്നപ്പോൾ മമ്മൂക്ക സ്വന്തം ക്യാമറ ഉപയോ​ഗിച്ച് എനിക്ക് എന്റെ ഒരുപാട് നല്ല ഫോട്ടോകൾ എടുത്ത് തന്നിരുന്നു. അന്ന് എനിക്ക് അത് വലിയ സന്തോഷം തന്ന ഒന്നായിരുന്നു. കാരണം മമ്മൂക്കയുടെ സ്റ്റിൽ ക്യാമറയ്ക്ക് മുന്നിലാണല്ലോ ഞാൻ പോസ് ചെയ്യുന്നത്. അതുപോലെ അത് നാനയിൽ പിന്നീട് അച്ചടിച്ച് വരികയും ചെയ്തു. എന്താണെന്ന് അറിയില്ല. എക്കാലത്തും മമ്മൂക്കയുടെ സ്നേഹ വാത്സല്യം എനിക്ക് കിട്ടാറുണ്ട്. കൂടെവിടെയും തൃഷ്ണയുമൊക്കെ കണ്ടപ്പോൾ മുതൽ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു മമ്മൂക്ക. ഭയങ്കര ഫാനായിരുന്നു. ഞങ്ങൾ രണ്ടുപേരും കോട്ടയം കാരാണ്. പക്ഷെ മമ്മൂക്ക അത് എവിടെയും പറയാറില്ല.
 
ഒരിക്കൽ ഞാൻ അത് ചോദിച്ചപ്പോൾ പഠിച്ചതും കുറേ അധികം കാലം ജീവിച്ചതും എറണാകുളത്താണ്. അതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നാണ് മമ്മൂക്ക പറഞ്ഞത്. പണ്ട് കോട്ടയത്ത് ഒരുപാട് സിനിമ ഷൂട്ടുകൾ നടക്കുമായിരുന്നു. മാത്രമല്ല എല്ലാ നിർമാതാക്കളും ആ സമയത്ത് കോട്ടയംകാരായിരുന്നു. അന്ന് ഷൂട്ടിങ് കാണാൻ ഞാൻ നിരന്തരം പോകുമായിരുന്നു. അവിടെ എല്ലാം പോയി മമ്മൂക്കയുടെ അഭിനയം ഒരുപാട് നോക്കിനിന്നിട്ടുണ്ട്. 
 
പണ്ട് മുതലേ ഞാൻ മമ്മൂട്ടി ഫാനാണ്. സിനിമയിൽ വന്നശേഷം ആദ്യം മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുന്നത് ദളപതിയിലാണ്. അതിനും മുമ്പ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. അത് മാമലകൾക്ക് അപ്പുറത്ത് എന്ന സിനിമയുടെ ഡബ്ബിങ്ങിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പോയപ്പോഴായിരുന്നു. എന്റെ കുമിളകൾ എന്ന സീരിയൽ അദ്ദേഹം കണ്ടിട്ടുണ്ട്. അങ്ങനെ എന്റെ മുഖം മനസിലായിട്ടാണ് അദ്ദേഹം അടുത്തേക്ക് വിളിപ്പിച്ചത്. പോയി പരിചയപ്പെടാൻ പേടിയായിട്ട് മിണ്ടാതെ മാറി നിൽക്കുമ്പോഴാണ് മമ്മൂക്ക അങ്ങോട്ട് വിളിച്ചത് എന്നാണ് മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ മനോജ് കെ ജയൻ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍