മിനിസ്‌ക്രീനിൽ തിളങ്ങിയ താരമാണ് പ്രജുഷ. സീരിയലുകളിൽ ഉൾപ്പെടെ ധാരാളം മികച്ച വേഷങ്ങൾ പ്രജുഷയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ മുൻനിര സംവിധായകൻ ജീത്തു ജോസഫിന്റെ ദിലീപ് ചിത്രം ലൈഫ് ജോസൂട്ടി എന്ന ചിത്രത്തിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രജുഷ.
ദിലീപ് നായകനായ ചിത്രത്തിൽ ഹരീഷ് പേരടി, സൂരജ് വെഞ്ഞാറമൂട്, നോബി മാർക്കോസ്, അതിഥി താരമായി നയൻതാര എന്നിവർ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ കഥ തന്റെ ഭർത്താവിന്റേത് എന്നാണ് പ്രജുഷ സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ ഭർത്താവ് സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ ആയിരുന്നുവെന്നും, എന്നാൽ, അത് നടക്കാതെ വന്നപ്പോഴാണ് ജീത്തു ജോസഫ് സിനിമ സംവിധാനം ചെയ്തതെന്നും പ്രജുഷ പറയുന്നു. കഥയുടെ ക്രഡിറ്റ് പോലും തന്റെ ഭർത്താവിന് നൽകിയില്ലെന്നും ആരോപണമുണ്ട്.
'എന്റെ ഭർത്താവിനെ പറ്റിക്കാൻ എളുപ്പമാണ്, പുള്ളി വളരെ സത്യസന്ധനാണ്. എല്ലാവരും അങ്ങനെ തന്നെയാണെന്ന് കരുതുന്ന ആളാണ്. ആരെയും പറ്റിക്കണം എന്നോ വഞ്ചിക്കണം എന്നോ എന്നദ്ദേഹം കരുതിയിട്ടില്ല. എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ലൈഫ് ഓഫ് ജോസൂട്ടിയാണ്. ജോസൂട്ടിയുടെ സുവിശേഷം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. അത് ശരിക്കും അദ്ദേഹം സംവിധാനം ചെയ്യാനായി ആർട്ടിസ്‌റ്റുകളുമായി ശ്രീലങ്കയിലേക്ക് പോയതായിരുന്നു.
ടിനി ടോം, നന്ദു, കൈലാഷ് ഇവരെയൊക്കെ വച്ചാണ് ചെയ്യാനിരുന്നത്. എല്ലാം ഓക്കേ ആയിട്ടാണ് അവിടേക്ക് പോയത്. എന്നാൽ അവിടേക്ക് ചെന്നപ്പോൾ എന്തൊക്കെയോ ചില പ്രശ്‌നങ്ങൾ കാരണം അവിടെ ഷൂട്ട് ചെയ്യാൻ പറ്റാതെ വരികയായിരുന്നു. അങ്ങനെ ഇത് ജീത്തു ജോസഫിന്റെ ഡേറ്റ് കിട്ടിയെന്ന് പറഞ്ഞുകൊണ്ട് പ്രൊഡ്യൂസർ അങ്ങനെ ചെയ്യിക്കാൻ നിൽക്കുകയായിരുന്നു. ഇനി എനിക്ക് ഇങ്ങനെ പറ്റില്ല, ഒരുപാട് ക്യാഷ് നഷ്‍ടം വന്നു അതുകൊണ്ട് പുള്ളി എഴുതി കൊടുക്കണം എന്ന അവസ്ഥ വന്നു. അപ്പോൾ നന്ദേട്ടൻ വെറും പാവമായിരുന്നു.
പ്രൊഡ്യൂസർ പുള്ളിയുടെ ക്ലാസ്മേറ്റ് ആയിരുന്നു. അങ്ങനെ അവനൊരു നഷ്‌ടം വന്നെങ്കിൽ കുഴപ്പമില്ല എഴുതി കൊടുക്കാമെന്ന് പറഞ്ഞു പുള്ളി ചെയ്‌തതാണു ഇത്. അതിനകത്ത് ഏറ്റവും വലിയ സങ്കടം ഇന്നും ആ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ കുമാർ നന്ദ ആണെന്ന് ആർക്കും അറിയില്ല. എനിക്ക് അറിയാം പുള്ളി രാവും പകലും ഇല്ലാതെ ഇരുന്ന് ഉണ്ടാക്കിയ കഥയായിരുന്നു അത്. ഒരു പേരെങ്കിലും അതിൽ വയ്ക്കണമായിരുന്നു, പൈസ ആയിരുന്നില്ല. അതുകൊണ്ട് പുള്ളിക്ക് അടുത്തൊരു പടം കിട്ടുക എന്നത് മാത്രമാണ്. പുള്ളി കാണിച്ച ആത്മാർത്ഥത കൂട്ടുകാരൻ തിരിച്ചു കാണിച്ചില്ല എന്നതാണ് സങ്കടമുള്ള കാര്യം. ഞാനൊരുപാട് പ്രശ്‌നം ഉണ്ടാക്കി, ആ പടം ബാൻ ചെയ്യണം, പ്രസ് മീറ്റ് വയ്ക്കണം എന്നൊക്കെ പറഞ്ഞിട്ട്, ദിലീപ് ചെയ്‌ത സിനിമ ആയിരുന്നു അത്.
പുള്ളി ഒരു പ്രശ്‌നത്തിനും പോവാത്ത ഒരു ആളായിരുന്നു. പക്ഷേ ഞാൻ ഒരുപാട് പ്രശ്‌നം ഉണ്ടാക്കി പുള്ളിയോട്. പക്ഷേ അത് വേണ്ട അതിനുള്ളത് ദൈവം തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നയം. ഇതുപോലെ ഒത്തിരി സിനിമകൾ അദ്ദേഹത്തിന്റെ പോയിട്ടുണ്ട്. പക്ഷേ ഇതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സംഭവം. കാരണം അത്രമാത്രം പുള്ളി കഷ്‌ടപെട്ട് ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആയിരുന്നു അത്', പ്രജുഷ പറയുന്നു.