'കഞ്ചാവ് പിടികൂടിയ സെറ്റില്‍ നിന്നും നിവിന്‍ പോളി ഇറങ്ങിപ്പോയി'; ലിസ്റ്റിന്റെ വിവാദ പ്രസ്താവനയ്ക്ക് കാരണം

നിഹാരിക കെ.എസ്

ശനി, 3 മെയ് 2025 (14:39 IST)
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം നടന്‍ നിവിന്‍ പോളിക്ക് നേരെയെന്ന് തെളിയിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പുതിയ റോപ്പോർട്ട്. തിരുവനന്തപുരത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.
 
അടുത്തിടെ ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. സെറ്റിലേക്ക് പോകും വഴിയായിരുന്നു കഞ്ചാവ് പിടികൂടിയത്. സംഭവം വാർത്തയായി. കഞ്ചാവ് പിടികൂടിയ സെറ്റില്‍ തടുർന്ന് സഹകരിക്കാന്‍ നിവിൻ തയാറായില്ല. സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയത് ലിസ്റ്റിനെ ചൊടിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സിനിമയുടെ ക്രൂ അംഗത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തില്‍ ലിസ്റ്റിന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
 
ലിസ്റ്റിനും ബേബി ഗേള്‍ സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മയും ഇന്‍സ്റ്റഗ്രാമില്‍ അടക്കം നിവിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിന്‍ സിനിമയിലേക്ക് എത്തുന്നത്. ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. ‘തുറമുഖം’, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. 
 
വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്. ലിസ്റ്റിന്‍ നിര്‍മ്മിക്കുന്ന ദിലീപിന്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ്, നിര്‍മ്മാതാവ് വിവാദ പ്രസ്താവന നടത്തിയത്. മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നടന്റെ പേരെടുത്ത് പറയാതെ ലിസ്റ്റിന്‍ പറയുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍