മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വെളിപ്പെടുത്തിയതോടെ ഇത് ആരെന്ന് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറഞ്ഞു. ദിലീപ് നായകനായെത്തുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നടനെതിരെ ലിസ്റ്റിൻ രംഗത്തെത്തിയത്.
ലിസ്റ്റിൻ ഉദ്ദേശിച്ചത് നിവിൻ പോളിയെ ആണെന്നാണ് സൂചന. താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട് പ്രമുഖ താരത്തിന്‍റെ നടപടിയാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ഇതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.
നിര്‍മ്മാതാവിന്‍റെ അനുമതി വാങ്ങാതെയായിരുന്നു നടൻ മറ്റൊരു ചിത്രത്തിൽ ജോയിൻ ചെയ്തത്. രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവില്‍ നിന്നും ഇദ്ദേഹം അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റി. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവിന്‍റെ അനുമതി കൂടാതെ മറ്റൊരു ചിത്രത്തില്‍ അഭിനേതാക്കള്‍ ജോയിന്‍ ചെയ്യുന്നത് സാധാരണമല്ല.
'ബേബി ഗേൾ' എന്ന ചിത്രത്തിൽ ആദ്യം നായകനാക്കാൻ തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ പോളിയെ സിനിമയിലെ നായകനാക്കി തിരഞ്ഞെടുക്കുന്നത്. നിവിനെ ആണ് ലിസ്റ്റിൻ ഉദ്ദേശിച്ചതെന്ന ചർച്ചകൾക്ക് ഇതിന് ആക്കം കൂട്ടി, ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേൾ സിനിമയുടെ ഡയറക്ടറായ അരുൺ വർമ്മയും ഇൻസ്റ്റഗ്രാമിൽ താരത്തെ അൺഫോളോ ചെയ്യുകയും ചെയ്തു. സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയം.