ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം തനിക്ക് വന്നിരുന്നെന്ന് പൃഥ്വിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രജനിയെ വെച്ച് മാത്രമല്ല ബോളിവുഡിൽ ഷാരൂഖാനിനെ നായകനാക്കിയും ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചതായി പറയുകയാണ് പൃഥ്വിരാജ്. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'രജനികാന്തിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് എന്നെ സമീപിച്ചത്. എനിക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതൊരു നിശ്ചിതസമയത്തിനുള്ളില്‍ ചെയ്യണമായിരുന്നു, മാത്രമല്ല ഞാനൊരു മുഴുവന്‍ സമയ സംവിധായകനുമല്ല. അതുകൊണ്ട് സംഭവിച്ചില്ല. പിന്നീട് ലണ്ടനില്‍ വച്ച് സുഭാസ്കരന്‍ സാറിനെ കണ്ടു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ആ സമയത്ത് രജനി സാറിനെ വച്ച് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയുടെ ഒരു ഐഡിയ പറഞ്ഞു. മുമ്പ് ഹിന്ദി സിനിമ ചെയ്യാനായി മറ്റൊരാള്‍ എന്നെ സമീപിച്ചപ്പോള്‍ ഷാരൂഖിനെ നായകനാക്കി ചെയ്യാമെന്ന് വിചാരിച്ച ഐഡിയയുടെ ഒരു അഡാപ്റ്റേഷനായിരുന്നു അത്. ചിലപ്പോള്‍ നടക്കുമായിരിക്കും.
ഞാന്‍ പറഞ്ഞത് കേട്ട് സുഭാസ്കരന്‍ സാര്‍ ഒരുപാട് ആവേശഭരിതനായിരുന്നു. എന്നാല്‍ അത് പിന്നെ വികസിപ്പിക്കാനുള്ള സമയം കിട്ടിയില്ല. കാരണം ആടുജീവിതത്തിന്‍റെ ഷൂട്ട് തുടങ്ങണമായിരുന്നു. അതുകൊണ്ട് രജനിസാറുമൊത്തുള്ള സിനിമ നടന്നില്ല. എന്നാല്‍ അദ്ദേഹത്തോട് സംസാരിച്ചതിലൂടെ ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെട്ടു. പിന്നെ എപ്പോള്‍ ലണ്ടനില്‍ പോയാലും അദ്ദേഹത്തെ കാണും. സിനിമയെ പറ്റി ഒരുപാട് സ്വപ്നങ്ങളുള്ള മനുഷ്യനാണ്. അങ്ങനെയാണ് അദ്ദേഹം എമ്പുരാന്‍റെ നിര്‍മാണ പങ്കാളി ആവുന്നതിലേക്ക് എത്തിയത്,' പൃഥ്വിരാജ് പറഞ്ഞു.