'കളിയാക്കാനാണോ നിങ്ങളുടെ ഉദ്ദേശം?'; ആ ചിത്രത്തിന്റെ കഥ പറഞ്ഞ ശ്രീനിവാസനോട് മമ്മൂട്ടി

നിഹാരിക കെ.എസ്

വെള്ളി, 31 ജനുവരി 2025 (17:34 IST)
കാലംതെറ്റി പിറന്ന സിനിമകളുടെ ലിസ്റ്റിലാണ് അഴകിയ രാവണൻ. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ, മമ്മൂട്ടിയുടെ മികച്ച സിനിമകളുടെ ലിസ്റ്റിൽ അഴകിയ രാവണനുമുണ്ട്. ചിത്രത്തിലെ ക്ളൈമാക്‌സും പാട്ടുകളും ഇന്നും മലയാളികൾക്ക് ഓർമയുണ്ട്. ശ്രീനിവാസൻ ആയിരുന്നു അഴകിയ രാവണന്റെ കഥ മമ്മൂട്ടിയോട് പറയുന്നത്.
 
ചിത്രത്തിന്റെ കഥ ആദ്യമായി നിർമാതാവിനോട് പറഞ്ഞപ്പോൾ, അദ്ദേഹം ഈ കഥ മമ്മൂട്ടിക്ക് ചേരുമോ മോഹൻലാൽ അല്ലേ നല്ലത് എൻ ൻ ചോദിച്ചിരുന്നുവത്രെ. മമ്മൂട്ടിയെ വിളിച്ച് കഥ പറഞ്ഞത് ശ്രീനിവാസൻ ആയിരുന്നു. കളിയാക്കാനാണോ നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ചത്. എന്നാൽ ഒടുവിൽ മമ്മൂട്ടി ആ സിനിമ ചെയ്യുകയായിരുന്നു. ആ സിനിമ സംഭവിച്ചതിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു.
 
'മഴയെത്തും മുൻപേ കഴിഞ്ഞതിന് ശേഷം തീരുമാനിച്ച ചിത്രമായിരുന്നു അഴകിയ രാവണൻ. ശ്രീനിവാസൻ, ഞാൻ, മമ്മൂട്ടി ഈ കോമ്പിനേഷനിൽ ആണ് ആ സിനിമയും സംഭവിക്കുന്നത്. ഇങ്ങനെയൊരു കഥ വന്നുകഴിഞ്ഞപ്പോൾ ആദ്യം ഞങ്ങൾ നിർമാതാവിനോട് പറഞ്ഞു. കഥ കേട്ടപ്പോൾ അദ്ദേഹം, ഇത് മമ്മൂട്ടി ചെയ്‌താൽ കുഴപ്പമാകില്ലേ? ചീത്ത വിളിക്കില്ലേ എന്ന് ചോദിച്ചു. ഇത് മോഹൻലാൽ ചെയ്യേണ്ട കഥാപാത്രം അല്ലെ എന്നും അദ്ദേഹം ചോദിച്ചു. 
 
നമുക്ക് സംസാരിച്ച് നോക്കാമെന്ന് പറഞ്ഞ് ശ്രീനിവാസൻ മമ്മൂട്ടിയെ ഫോൺ വിളിച്ചു. ഇങ്ങനെയൊരു കഥാപാത്രമാണ്. വേദനിക്കുന്ന കോടീശ്വരനാണ് കഥാപാത്രമെന്ന ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി കുറച്ച് നേരം ഒന്നും പറഞ്ഞില്ല. ഞാൻ അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ഞങ്ങൾ കരുതി, ഇനി വിളിക്കാൻ പോകുന്നില്ല എന്ന്. കുറച്ച് കഴിഞ്ഞ് അദ്ദേഹം തിരിച്ച് വിളിച്ചിട്ട് ചോദിച്ചു, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്നെ കളിയാക്കാനാണോ? എന്ന്. ഒടുവിൽ അദ്ദേഹം തന്നെ ആ സിനിമ ചെയ്യുകയായിരുന്നു', കമൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍