പാട്ടിനാണ് പ്രാധാന്യം, അവരുടെ ഡാൻസിനല്ല; തമന്നയുടെയും നോറയുടെയും ഡാൻസ് വേണ്ടെന്ന് ഗായകർ

നിഹാരിക കെ എസ്

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (09:12 IST)
സംഗീതപരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന് ഗായകർ. അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങൾ പാടുന്ന വേദിയിൽ നടിമാരുടെ ഡാൻസ് വേണ്ടെന്ന് ആവശ്യപ്പെട്ടത്. 'ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ്' പെര്‍ഫോമന്‍സിൽ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം വേണ്ടെന്നാണ് ഗായകർ പറഞ്ഞത്. പാട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അതിനിടെ നൃത്തം വേണ്ടെന്നും ഗായകർ വ്യക്തമാക്കി.
 
അഹമ്മദാബാദ്, ഡല്‍ഹി, ഇൻഡോര്‍ എന്നിവിടങ്ങളില്‍ ഈ മാസമാണ് 'ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സ്' നടക്കുക. സംഗീത പരിപാടിയുടെ സംഘാടകനായ മനീഷ് ഹരിശങ്കറാണ് നോറ ഫത്തേഹിയുടേയും തമന്ന ഭാട്ടിയയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാൽ അനൂപ് ജലോട്ടയും ശങ്കര്‍ മഹാദേവനും ഹരിഹരനും ഈ നിർദേശം തള്ളിക്കളയുകയായിരുന്നു.
 
ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ അതുല്യ ഗായകരിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുക എന്നതാണ് ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. സംഗീത പരിപാടിക്കിടെ നോറയുടേയും തമന്നയുടേയും നൃത്തം കൂടി ഉൾപ്പെടുത്തിയാൽ പരിപാടി ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചേക്കാം എന്ന് ഗായകർ അഭിപ്രായപ്പെട്ടു. തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെയും വേദിയിലെത്തിക്കാൻ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിൽ പരിപാടിയുടെ മൂല്യവുമായി ചേർന്നുപോകുന്ന സംഗീതജ്ഞർ മാത്രം മതിയെന്നും മൂവരും പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍