രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്മാറി, ഭീമനാകാൻ മോഹൻലാലിന് പകരം മറ്റൊരാളെത്തുമോ?

ബുധന്‍, 30 ജനുവരി 2019 (08:22 IST)
വി എ ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങേണ്ട ചിത്രം ഇനിയും കോടതി വിട്ട് എത്തിയില്ല. തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു പ്രശ്‌നങ്ങൾ എല്ലാം പുറംലോകം അറിയുന്നത്.
 
എന്നാൽ 'മഹാഭാരത'ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്ത. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
 
'ആയിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ ഫൈനല്‍ ചര്‍ച്ച നടത്തി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നിര്‍മ്മാതാവ് ഡോ. എസ് കെ നാരായണന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുമായി ചര്‍ച്ച നടത്തി'- എന്നതായിരുന്നു ജോമോന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
 
ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രം സഹിതമാണ് ജോമോന്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന്‍ പറയുന്നു.
 
എന്നാൽ അണിയറയിൽ ചില മാറ്റങ്ങൾ വരുമ്പോൾ ഭീമനാകാൻ മോഹൻലാൽ തന്നെ എത്തുമോ എന്നാണ് പ്രേക്ഷകരുടെ സംശയം. ഇതിന് മുമ്പും മോഹൻലാലിന്റെ സ്ഥാനത്തേക്ക് മറ്റ് പലരുടേയും പേര് വന്നതുകൊണ്ടുതന്നെയാണ് വീണ്ടും ഈ സംശയവുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍