'ഇന്റെ പേര് മമ്മൂട്ടീന്നാ?' എന്റെ കള്ളത്തരം പിടിച്ച കൂട്ടുകാരന്‍ ശശിധരൻ എന്നെ മമ്മൂട്ടി എന്ന് വിളിച്ചു; കഥ പറഞ്ഞ് മെഗാസ്റ്റാർ

നിഹാരിക കെ.എസ്

വ്യാഴം, 13 മാര്‍ച്ച് 2025 (14:53 IST)
മമ്മൂട്ടി എന്ന പേര് വന്ന വഴി മെഗാസ്റ്റാർ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. മുഹമ്മദ് കുട്ടി എന്ന തന്റെ പേര് എങ്ങനെ മമ്മൂട്ടിയായി എന്ന് മെഗാസ്റ്റാര്‍ തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് മമ്മൂട്ടി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ആ കഥാപാത്രത്തെ ഓര്‍പ്പെടുത്തും വിധമാണ് മമ്മൂട്ടി ഇക്കാര്യം സംസാരിക്കുന്നത്. 
 
'മുഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി എന്ന പേരുണ്ടല്ലോ, വല്ലാത്ത പഴഞ്ചന്‍ പേരാണത്. ഒരുപാട് വലിയ പേരായിട്ട് എനിക്ക് തോന്നി. മുഹമ്മദ് കുട്ടി എന്നത് എന്റെ ഉപ്പൂപ്പയുടെ പേരാണ്, അദ്ദേഹം ഇല്ല, എനിക്ക് ഓര്‍മ വയ്ക്കുന്നതിന് മുന്‍പേ മരിച്ചു പോയി. അത്രയും പ്രായമുള്ള ആളുകളുടെ പേരാണ്, ആ ലെവലിലാണ് ഞാന്‍ ചിന്തിക്കുന്നത്. അപ്പോള്‍ കോളേജില്‍ കയറി, മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ മുഹമ്മദ് കുട്ടി എന്ന പേര് ഞാന്‍ അങ്ങ് ഒളിപ്പിച്ചു. ആ പേര് അപ്പാടെ അങ്ങനെ തന്നെ മറച്ചിട്ട്, എന്നോട് പേര് ചോദിക്കുന്നവരോടെല്ലാം ഞാന്‍ 'ഒമര്‍ ഷരീഫ്' എന്ന് പറഞ്ഞു.
 
അങ്ങനെ കുറച്ച് കാലം പോയി, അന്നത്തെ കാലത്ത് ഐഡന്റിറ്റ് കാര്‍ഡ് ഉണ്ടാവും. ഈ ഐഡന്റിറ്റി കാര്‍ഡ് ഒരിക്കല്‍ എന്റെ കൈയ്യില്‍ നിന്ന് കളഞ്ഞ് പോയി, വീണു കിട്ടിയ സുഹൃത്ത് അതില്‍ എന്റെ പേര് മുഹമ്മദ് കുട്ടി എന്ന് കണ്ടു, 'ഇന്റെ പേര് മമ്മൂട്ടീന്നാ' എന്നവന്‍ കളിയാക്കി ചോദിച്ചു. അങ്ങനെ എന്റെ പേര് പിന്നീട് മമ്മൂട്ടി എന്നായി. എന്റെ കള്ളത്തരം അന്ന് പിടിച്ചത് ശശിധരനാണ്, അവനാണ് ആദ്യമായി എന്നെ അങ്ങനെ വിളിച്ചത്. അവനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ. അവന്‍ പാറ്റേണ്‍ 2 യില്‍ ആണ് പഠിക്കുന്നത്, ഞാന്‍ ബിഎ ഡിഗ്രിയും. അതിന് ശേഷം ഞാന്‍ മമ്മൂട്ടിയായി.
 
ആദ്യമൊക്കെ മുഹമ്മദ് കുട്ടി എന്ന വിളിയെക്കാള്‍ അരോചകം ആയിരുന്നു എനിക്ക് മമ്മൂട്ടി എന്ന വിളി. കാരണം കളിയാക്കി വിളിച്ചിരുന്ന പേരാണ്. ഡാ മമ്മൂട്ടി എന്ന വിളി കേള്‍ക്കുമ്പോള്‍ കളിയാക്കല്‍ ഫീലാകും. പക്ഷേ ആ മമ്മൂട്ടിയാണ് പിന്നീട് ഈ മമ്മൂട്ടിയായി മാറിയത്. പക്ഷേ സിനിമയില്‍ എത്തിയപ്പോള്‍ ഈ പേര് ഒരു അരോചകമായി തോന്നിയത് സംവിധായകന്‍ പിജി വിശ്വംബരനാണ്. പുള്ളി പറഞ്ഞു, 'ഈ മമ്മൂട്ടി എന്ന പേര് ശരിയാവുമോ, അപ്പോ പേര് ഒരെണ്ണം നമുക്ക് നിര്‍ദ്ദേശിച്ചാല്‍ മതി, വേറെ പേരിടാം' എന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ പടത്തില്‍ നല്ല വേഷമാണ്, പേരിന് വാശിപിടിച്ചാല്‍ വേഷം പോവുമോ എന്ന ചിന്തിയായി. ഞാന്‍ ഒന്നും മിണ്ടിയില്ല, പേര് എന്തായാലും കുഴപ്പമില്ല, വേഷം മതിയെന്നായി.
 
അതിന് മുന്‍പ് മേളയില്‍ മമ്മൂട്ടി എന്ന പേരിലാണ് ഞാന്‍ അഭിനയിച്ചത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇറക്കിയപ്പോള്‍ പേര് സജിന്‍ എന്നാക്കി, ബ്രാക്കറ്റില്‍ മമ്മൂട്ടി എന്നും ഇട്ടു. പക്ഷേ ആ പേരിന് വലിയ സ്ട്രസ്സ് ഒന്നും അവര്‍ കൊടുത്തില്ല. പടം ഇറങ്ങിയപ്പോള്‍ ആളുകള്‍ സജിന്‍ എന്നത് വെട്ടി, മമ്മൂട്ടിയെ സ്വീകരിച്ചു', മമ്മൂട്ടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍