Thangalaan: വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. തങ്കലാനെ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കാനുള്ള അഞ്ച് പ്രധാനപ്പെട്ട കാരണങ്ങള്‍ ഇവയാണ്:
1. കെജിഎഫ് റഫറന്‍സ് !
ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ കഥ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ വിപ്ലവമായ 'കെജിഎഫ്' റഫറന്‍സ് സിനിമയിലുണ്ടാകും. ചിയാന്‍ വിക്രമിന്റെ 'കെജിഎഫ്' എന്നാണ് ആരാധകര്‍ തങ്കലാന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.
2. ഞെട്ടിക്കാന്‍ വിക്രം
തങ്കം എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിക്രം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വേഷപ്പകര്‍ച്ച ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. സ്വര്‍ണഖനിയിലെ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന കഥാപാത്രമാണ് വിക്രത്തിന്റേത്. കേന്ദ്ര കഥാപാത്രമായുള്ള വിക്രത്തിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
3. കട്ടയ്ക്കു നില്‍ക്കാന്‍ പാര്‍വതി
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിളങ്ങിയ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി ഞെട്ടിക്കാന്‍ എത്തുകയാണ്. കാവേരി എന്ന നായിക കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. വിക്രം-പാര്‍വതി കോംബിനേഷന്‍ സീനുകളിലൂടെ ആയിരിക്കും ചിത്രത്തിന്റെ മര്‍മ പ്രധാനമായ കഥ പറച്ചില്‍.
4. പാ. രഞ്ജിത്തിന്റെ ആക്ഷന്‍ ത്രില്ലര്‍
ആദ്യമായാണ് പാ.രഞ്ജിത്ത് ആക്ഷന്‍ ത്രില്ലറില്‍ കൈ വയ്ക്കുന്നത്. ചെയ്യുന്ന സിനിമകള്‍ക്കെല്ലാം മിനിമം ഗ്യാരണ്ടി ഉറപ്പ് തരുന്ന സംവിധായകരില്‍ ഒരാളാണ് പാ. രഞ്ജിത്ത്. കേവലം ആക്ഷന്‍ ത്രില്ലറിനു അപ്പുറം പാ.രഞ്ജിത്തിന്റെ കഥ പറച്ചില്‍ ആയിരിക്കും സിനിമയുടെ ആത്മാവ്.
5. മാളവിക മോഹനന്റെ കഥാപാത്രം
മലയാളത്തില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ച നടിയാണ് മാളവിക മോഹനന്‍. തങ്കലാനില്‍ വളരെ നിര്‍ണായകമായ വേഷമാണ് മാളവിക അവതരിപ്പിച്ചിരിക്കുന്നത്. വിക്രം അവതരിപ്പിച്ചിരിക്കുന്ന നായക വേഷത്തോളം പ്രാധാന്യമുണ്ടെന്നാണ് വിവരം. മാത്രമല്ല മാളവിക ആക്ഷന്‍ രംഗങ്ങളിലും ഞെട്ടിക്കുന്ന പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.