പ്രഖ്യാപന വേള മുതൽ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാകും ഈ സിനിമയെന്ന് ഉറപ്പിക്കാം. ചിത്രത്തിന്റെ ടീസർ അടുത്തിടെ തരംഗമായിരുന്നു.
മോഹൻലാലിന്റെ കാമിയോ ചിത്രത്തിന് ഗുണം ചെയ്യും. ചിത്രത്തിന്റെ അവസാന ഭാഗത്താവും ലാലേട്ടൻ എത്തുകയെന്നും ഇത് തിയേറ്ററിൽ വലിയ ഓളമുണ്ടാകുമെന്നുമാണ് വാർത്തകൾ. അടുത്തിടെ ദിലീപും മോഹൻലാലും ഒരുമിച്ചുളള രംഗങ്ങളുടെ ചിത്രീകരണം നടന്നതായാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന് പൂർണ പേരുളള ചിത്രത്തിൽ സൂപ്പർ താരങ്ങൾ ഒരുമിച്ചുളള ഒരു ഗാനരംഗമുണ്ടാവുമെന്ന് അടുത്തിടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒരു ചടങ്ങിൽ പറഞ്ഞു.
ഇതിന് പിന്നാലെ ഭ.ഭ.ബയിലെ ഗാനരംഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മോഹൻലാലിനും ദിലീപിനുമൊപ്പം തെന്നിന്ത്യൻ താരസുന്ദരി തമന്നയും പാട്ടിന്റെ രംഗത്തിൽ എത്തുമെന്നാണ് അറിയുന്നത്. ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപ മാറ്റിവച്ചതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വൻ ദൃശ്യവിരുന്നൊരുക്കുന്ന ഗാനരംഗമാവും ചിത്രത്തിൽ ഉണ്ടാവുക,
ഒരു മാസ് കോമഡി എന്റർടെയ്നർ ആയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.