കേന്ദ്രമന്ത്രിയാകാൻ മമ്മൂട്ടിക്ക് ക്ഷണം!

നിഹാരിക കെ എസ്
വെള്ളി, 18 ഒക്‌ടോബര്‍ 2024 (14:33 IST)
മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാൻ ക്ഷണിച്ച് സുരേഷ് ഗോപി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.  അടുത്തിടെ താരസംഘടനയായ അമ്മയും മഴവിൽ മനോരമയും സംയോജിച്ചുള്ള മഴവിൽ എന്റർടെയ്ൻമെൻറ് അവാർഡ് 2024 നടന്നിരുന്നു. പരിപാടിയുടെ റിഹേഴ്‌സൽ കാണാൻ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായി താരം നടത്തിയ രസകരമായ സംഭാഷണമാണ് വൈറലായിരിക്കുന്നത്.
 
തിരികെ പോകാനായി കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട്, 'അവിടുന്ന് (കേന്ദ്രത്തിൽ നിന്ന്) എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കെട്ടോ' എന്ന് പറയുന്നുണ്ട്. അതിന്, 'നിനക്ക് ഇവിടത്തെ (സിനിമ) ചോർ എപ്പോഴുമുണ്ടെ'ന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി. 
ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടിയെത്തി. 'ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേൾക്കണ്ടേ…' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
 
സുരേഷിന്റെ മറുപടി കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതുകൊണ്ട് 'ഇതെല്ലേ അനുഭവം… ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ…' എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article