കാട്ടുപറമ്പന്‍ ! അച്ഛന്റെ പോസ്റ്റര്‍ പങ്കുവെച്ച് മകന്‍ ബിനു പപ്പു

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഓഗസ്റ്റ് 2024 (19:44 IST)
സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണിത്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസ് ചെയ്ത 31 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയുടെ റീ റിലീസ്. ഓഗസ്റ്റ് 17നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വന്നിരിക്കുകയാണ്. മകന്‍ ബിനു പപ്പു പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

'അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്...

സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അഛ്ചനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും...

കലാകാരൻമാർക്ക് മരണമില്ല... ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും.....'-ബിനുപപ്പു കുറിച്ചു.
 
അതേസമയം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളില്‍ ചിത്രത്തിന് റീമേക്കുണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. ആപ്തമിത്ര എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റിലീസ് ചെയ്തത്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍