മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം രാജ്യാന്തര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ കണ്ടവർ ഒന്നടങ്കം സംവിധായകനേയും മമ്മൂട്ടിയേയും അഭിനന്ദിക്കുകയാണ്. മമ്മൂട്ടി വിസ്മയിപ്പിക്കുന്നു എന്നാണ് ഏവരും പറയുന്നത്.
ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടൻ ശരത് കുമാർ രംഗത്തെത്തിയിരിക്കുന്നു. ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയിലൂടെയാണെന്ന് തനിക്കുറപ്പുണ്ടെന്ന് ശരത് കുമാർ പറയുന്നു.
'അടുത്തിടെയൊന്നും ഇത്രയും ശക്തമായ ഒരു കഥാപാത്രം മമ്മൂട്ടിയ്ക്ക് ലഭിച്ചിട്ടില്ല. പേരന്‍പിലെ അമുദന്‍ എന്ന കഥാപാത്രത്തിനെ മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ആദ്യമായി ചിത്രത്തിന്റെ കഥകേട്ടപ്പോള്‍ തന്നെ ഈ കഥാപാത്രമായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് എനിയ്ക്ക് തോന്നുന്നെന്ന് സംവിധായകനായ റാമിനോട് ഞാന്‍ പറഞ്ഞു'. - ശരത് കുമാർ പറയുന്നു.
മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. പേരൻപിലെ മറ്റൊരു പ്രധാനവേഷത്തെ ശരത് കുമാർ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,അഞ്ജലി അമീര്‍, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം.