എണ്ണ വ്യാപാരത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ലെന്നും ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. എണ്ണ വ്യാപാരത്തില്‍ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുടിന്‍ അഭിനന്ദിക്കുകയും ബാഹ്യ സമ്മര്‍ദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കുകയും തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാട്ടുകയും പുടിന്‍ ചെയ്തു.
ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍ 9 മുതല്‍ 10 വരെ ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാവും. പുറത്തുനിന്നുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യയ്ക്കില്ല. റഷ്യയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ സ്വന്തം ആണവോര്‍ജ വ്യവസായത്തിനായി റഷ്യന്‍ യുറേനിയത്തെയാണ് അമേരിക്ക വളരെയധികം ആശ്രയിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.
ആണവ നിലയങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കയെന്നും അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യയെന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രം ഒടുവില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് കൂടി പുടിന്‍ മുന്നറിയിപ്പ് നല്‍കി.