അമേരിക്കന്‍ തീരുവ നയങ്ങള്‍ ട്രംപ് കടുപ്പിച്ചതോടെ ഇന്ത്യയുമായും റഷ്യയുമായും കൂടുതല്‍ അടുക്കുകയാണ് ചൈന. കഴിഞ്ഞ ദിവസം വിജയദിന പരേഡ് സംഘടിപ്പിച്ച ചൈന തങ്ങളുടെ അത്യാധുനിക ആയുധശേഖരങ്ങളില്‍ ചിലത് പ്രദര്‍ശിപ്പിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ലോകശക്തികള്‍ പല ചേരിയിലായി അണിനിരക്കുന്ന സാഹചര്യത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് വിദേശ ശക്തിയില്‍ നിന്നും ചൈന ആക്രമണം നേരിട്ടപ്പോള്‍ ചൈനയെ രക്ഷിക്കാനെത്തിയത് അമേരിക്കയാണെന്ന് ഓര്‍മിപ്പിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. ചൈനയുടെ വിജയത്തിനും ഇപ്പോഴത്തെ കീര്‍ത്തിയ്ക്കും പിന്നില്‍ നിരവധി അമേരിക്കന്‍ ജീവനുകളുടെ വിലയുണ്ടെന്നും അവരുടെ ധീരതയ്ക്കും ത്യാഗത്തിനും മതിയായ അംഗീകാരം ചൈന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു.
ചൈനീസ് പ്രസിഡന്റിനും ജനതയ്ക്കും മഹത്തായ ദിനം ആശംസിക്കുന്നതായി പറഞ്ഞ ട്രംപ് ചടങ്ങില്‍ മുഖ്യ അതിഥികളായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും കിം ജോങ് ഉന്നിനും ഊഷ്മളമായ ആശംസ അറിയിക്കണമെന്നും പോസ്റ്റില്‍ കുറിച്ചു. ചൈന ശക്തമായ രാജ്യമാണെന്നും ആരെയും ഭയക്കുന്നില്ലെന്നും പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞിരുന്നു.