സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളുമുള്ള വ്യക്തിത്വത്തിനുടമയാണ് നടി പാർവതി. മമ്മൂട്ടിയുടെ കസബയെ കുറിച്ചുള്ള പരാമർശം, മീ ടൂ വെളിപ്പെടുത്തൽ, ഡബ്ല്യുസിസിയിലെ അംഗത്വം, അമ്മയ്ക്കെതിരായ ശക്തമായ നിലപാടുകൾ എന്നിവ കൊണ്ടെല്ലാം ഫാൻസുകാരുടെ തെറിവിളികൾക്ക് പാത്രമാകേണ്ടി വന്ന മറ്റൊരു നടി വേറെയുണ്ടാകില്ല.
എന്നാൽ, പാർവതി മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണെന്ന് തിരക്കഥാക്രത്ത് സഞ്ജയ് പറയുന്നു. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ് പാർവതി. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതിൽ മലയാളികൾ അഭിമാനിക്കുകയാണ് വേണ്ടതെന്നാണ് സഞ്ജയുടെ അഭിപ്രായം.
മനു സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചിത്രത്തിൽ പാർവതിയാണ് നായിക. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥ രചിക്കുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്കുട്ടിയുടേതാണ്.
ഒട്ടേറെ പ്രതീക്ഷയോടെയാണ് പല്ലവിയെ സഞ്ജയ് വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നത്. മൈ സ്റ്റോറി പോലെ പാർവതിയുടെ ഇപ്പോളത്തെ ഇമേജ് ഈ സിനിമയെയും ബാധിക്കുമോ എന്ന ഭയമൊന്നും സഞ്ജയ്ക്കില്ല. ഈ ചോദ്യത്തിന് സഞ്ജയ് വ്യക്തമായ മറുപടിയും നൽകുന്നുണ്ട്.
“പാർവതിയെ വച്ച് സിനിമ ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്നങ്ങളും ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടില്ല. അത്രയും കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാൻ ഞങ്ങൾക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങൾക്കു മുന്നിൽ പരിഗണനാവിഷയമായി വന്നില്ല. പാർവതിയ്ക്കു നേരെ പലതരം വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല.” – സഞ്ജയ് പറയുന്നു.