‘തനിക്ക് ഇനിയും ഒരു ദേശീയ അവാർഡ് വാങ്ങണോ? എങ്കിൽ ആ തിരക്കഥ ഒന്ന് വായിച്ചാൽ മതി’- മമ്മൂട്ടിയോട് തിലകൻ പറഞ്ഞു

ബുധന്‍, 14 നവം‌ബര്‍ 2018 (10:19 IST)
മഹാനടൻ മമ്മൂട്ടിയുടെ അഭിനയ സാധ്യതകൾ പുറത്തെടുത്ത ചിത്രങ്ങളായിരുന്നു മതിലുകൾ, വിധേയൻ, പൊന്തൻ‌മാട, ഡോ. അംബേദ്കർ തുടങ്ങിയവ. ഈ നാല് ചിത്രങ്ങളും അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്തിരുന്നു. മികച്ച അവസരങ്ങൾക്കായുള്ള, കഥാപാത്രങ്ങൾക്കായുള്ള തിരച്ചിലിലാണ് താൻ ഇപ്പോഴും എന്ന് മമ്മൂട്ടി തന്നെ പല വേദികളിൽ, പല അവസരങ്ങളിൽ തുറന്നു പറഞ്ഞിട്ടുള്ളതാണ്. 
 
അത്തരം അവസരങ്ങളിൽ ഏറ്റവുമൊടുവിൽ അദ്ദേഹത്തിന് മുന്നിൽ വന്ന് പെട്ട ചിത്രമാണ് കർണൻ. പി ശ്രീകുമാറിന്റെ തിരക്കഥയിൽ മധുപാൽ സംവിധാനം ചെയ്യുന്ന കർണൻ മമ്മൂട്ടിക്ക് ഒരു ദേശീയ അവാർഡ് കൂടി നേടിക്കൊടുക്കും. ഇത് പറഞ്ഞത് മഹാനടൻ തിലകൻ തന്നെയാണ്. 
 
പി ശ്രീകുമാർ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തിലകൻ വഴിയാണ് കർണനെ കുറിച്ച് മമ്മൂട്ടി അറിയുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തിലകൻ മമ്മൂട്ടിയോട് കർണനെ പറ്റി പറഞ്ഞു. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് മമ്മൂട്ടിയോട് തിലകന്‍ പറഞ്ഞത്. 
 
പിന്നാലെ മമ്മൂട്ടിയുടെ വിളിയെത്തി, പൊള്ളാച്ചിയില്‍ എത്താന്‍. അങ്ങനെ ശ്രീകുമാർ പൊള്ളാച്ചിയിൽ എത്തി. മമ്മൂട്ടി അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു. ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു. പുലര്‍ച്ചെയായപ്പോഴേക്ക് അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടിയുടെ കണ്ണൊക്കെ ചുമന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. 
 
ഉടനെ പോയി ഈ സ്ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി. തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്, നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹം ഗുഡ്നൈറ്റ് മോഹനോട് ഈ സിനിമ സംസാരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോഹന്‍ അന്ന് ചെയ്ത ഹിന്ദി ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തിന് സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു. അങ്ങനെ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു. 
 
പല തവണ നോക്കി. നടന്നില്ല. ഒരു പ്രൊഡ്യൂസറെ കിട്ടാൻ മമ്മൂട്ടി പല വഴി ശ്രമിച്ചു. പല കാരണങ്ങൾ കൊണ്ട് അതും നടന്നില്ല. ഒരു നിർമാതാവ് ഏറ്റെടുക്കാൻ തയ്യാറായി വന്നാൽ താൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പടത്തിൽ നിന്നും മൂന്നാമത്തെ പടമായി കർണൻ ചെയ്യാം എന്നാണ് മമ്മൂട്ടി തനിക്ക് വാക്ക് തന്നിരിക്കുന്നതെന്ന് ശ്രീകുമാർ പറയുന്നു. 
 
എന്നാൽ പല കാരണങ്ങളും ഉണ്ടായി ചിത്രം മുടങ്ങിക്കിടക്കുകയാണ്. ഇത് ഒരിക്കലും സിനിമയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ തിരക്കഥ പുസ്തകമായി ഇറക്കുമെന്നും പറയുന്നു പി ശ്രീകുമാർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍