ആദിവാസികൾക്കൊപ്പം തുടികൊട്ടി പാട്ടുപാടി മമ്മൂട്ടി; കെയർ ആൻഡ് ഷെയർ പദ്ധതിക്ക് തുടക്കമായി

ബുധന്‍, 14 നവം‌ബര്‍ 2018 (09:02 IST)
സംസ്ഥാനം ഒട്ടാകെയുള്ള  അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ തുടക്കമിട്ടു. കാസറഗോഡ് ജില്ലാ കലക്ടർ സജിത്തിന്‌ ആണ് മമ്മൂട്ടി ഉപകരണങ്ങൾ കൈമാറിയത്.
 
കാസറഗോഡ് ജില്ലയിലെ അർഹരായ മുഴുവൻ ആദിവാസികൾക്കും കലക്ടർ വഴി സഹായം എത്തിക്കും. സമാനമായ ആവശ്യമുള്ള കേരളത്തിലെ മുഴുവൻ ആദിവാസികൾക്കും വരും ദിവസങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കും. കോളനിയിലെ ആദിവാസികളുടെ സാന്നിധ്യത്തിൽ കളക്ടർ മമ്മൂട്ടിയുമായി ചർച്ച നടത്തുകയും ചെയ്‌തു.
 
മമ്മൂട്ടിയെ കാണാനെത്തിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിർത്തിക്കൊണ്ടാണ് ഉപകരണങ്ങൾ കലക്‌ടർക്ക് കൈമാറിയത്. ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്കു  നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും കാടിറങ്ങി അവിടെവരെ എത്തിയത്.
 
മമ്മൂട്ടിയുടെ മുമ്പിൽ അവർ തുടികൊട്ടി പാട്ടുപാടിയപ്പോൾ, അവർക്കൊപ്പം ചേർന്ന് പാടാൻ ഇക്കയും മുൻകൈയ്യെടുത്തു. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കുകയും ചെയ്‌തു. ഒപ്പം മുളകൊണ്ടുള്ള ഒരു മാല മമ്മൂട്ടിയെ അണിയിക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍