കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ലബ്ബിൽ നടന്ന വിവാഹത്തിന് ക്ഷണിക്കാത്ത ഒരു അതിഥി എത്തി. മലയാളികളുടെ സ്വന്തം പരീക്കുട്ടി. വധൂവരന്മാരേയോ അവരുടെ മാതാപിതാക്കന്മാരേയോ പരിചയമില്ലാതിരുന്നിട്ടും കെ എസ് ശബരീനാഥൻ എം എൽ എയുടെ നിർബന്ധത്തിൽ വഴങ്ങിയാണ് മധു വിവാഹത്തിനെത്തിയത്.
നിയമസഭാ മുൻ സ്പീക്കറും തന്റെ അടുത്ത സുഹൃത്തുമായിരുന്ന ജി കാർത്തികേയന്റെ മകൻ നിർബന്ധിക്കുമ്പോൾ അദ്ദേഹത്തിന് പോകാതിരിക്കാൻ ആകില്ലല്ലോ. യാത്രക്കിടെ എം എൽ എ മധുവിനെ പല തവണ വിളിച്ചിരുന്നു. എന്നാൽ ഓഡിറ്റോറിയത്തിലെത്തിയ അദ്ദേഹത്തിന് എം എൽ എയെ കാണാൻ കഴിഞ്ഞില്ല. അതിന്റെ ഒരു ചെറിയ പരിഭവം മധുവിന് അദ്ദേഹത്തോട് തോന്നുകയും ചെയ്തു.
അദ്ദേഹത്തെ പ്രതീക്ഷിച്ച് കാത്തു നിന്ന ഒരു യുവാവാണ് മധുവിനെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. ഫോട്ടോയെടുപ്പും ആഘോഷവുമായി ഏതായാലും വിവാഹം മഗളമായി നടന്നു. ദിവസങ്ങൾക്കു ശേഷം മഞ്ജു വാര്യരുടെ അഭിജ്ഞാന ശാകുന്തളം കാണാൻ എത്തിയപ്പോഴാണ് മധുവും ശബരീനാഥും കണ്ടുമുട്ടുന്നത്. തന്നെ കല്യാണത്തിന് വിളിച്ചുവരുത്തിയിട്ട് ശബരി വരാതിരുന്നതിലുള്ള വിഷമം മധു വ്യക്തമാക്കി.
എന്നാൽ, താൻ അത്തരത്തിലൊരു കല്യാണത്തിന് വിളിച്ചിട്ടില്ലെന്നും ആരോ പറ്റിച്ചതാണെന്നും എം എൽ എ വ്യക്തമാക്കി. എം എൽ എ എന്ന വ്യാജേന മധുവിനെ വിളിച്ച നമ്പർ പാപ്പനംകോട് സ്വദേശിയായ അൻസാരിയുടേതാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ ശബരീനാഥ് മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്കും പരാതി നൽകി.