'ഒരേ തരത്തിൽപെട്ട സിനിമകൾ ചെയ്‌തുകൊണ്ടിരുന്നാൽ സംവിധായകൻ എന്ന നിലയിൽ ബോറടിക്കുമെന്നും അതുകൊണ്ടുതന്നെ എത്ര തുക വാഗ്ദാനം ചെയ്‌താലും 'നരസിംഹം' പോലെയുള്ള ചിത്രം ഇനി താൻ ചെയ്യില്ലെന്നും' രഞ്ജിത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലേരി മാണിക്യം, തിരക്കഥ പോലെയുള്ള ചിത്രങ്ങൾക്ക് പകരം നരസിംഹം പോലെയുള്ള ചിത്രങ്ങൾ എടുത്താൽ പോരെ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ സിനിമകൾ ഒരുക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും തന്നെ ത്രില്ലടിപ്പിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹം പോലെയുള്ള സിനിമകളില്‍ നിന്ന് മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ് എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു. മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രാമ. ‘ഡ്രാമ’ ഒരു ഫാമിലി ഡ്രാമയാണ് എന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് എന്നും രഞ്ജിത് പറഞ്ഞു.