'Pushpa 2' Day 1 Box Office Collection: ബോക്‌സ്ഓഫീസ് ചാമ്പലാക്കി പുഷ്പ; ആദ്യദിന കണക്കുകള്‍ ഞെട്ടിക്കുന്നത് !

രേണുക വേണു
വെള്ളി, 6 ഡിസം‌ബര്‍ 2024 (08:29 IST)
'Pushpa 2' Day 1 Box Office Collection: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ 2' ബോക്‌സ്ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മോശം അഭിപ്രായം ലഭിച്ച കേരളത്തില്‍ നിന്ന് തന്നെ ആദ്യദിനം അഞ്ച് കോടി കളക്ട് ചെയ്യാന്‍ പുഷ്പയ്ക്കു സാധിച്ചു. കേരളത്തിനു പുറത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിച്ചതെങ്കിലും അതൊന്നും ബോക്‌സ്ഓഫീസ് പ്രകടനത്തെ ബാധിച്ചിട്ടില്ല. 
 
സാക്‌നില്‍ക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനം ഇന്ത്യയില്‍ നിന്ന് 175.1 കോടിയാണ് പുഷ്പ 2 കളക്ട് ചെയ്തത്. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ നേടിയ ആദ്യദിന കളക്ഷനെ മറികടന്ന് ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനെന്ന റെക്കോര്‍ഡ് 'പുഷ്പ 2' സ്വന്തമാക്കി. 
 
തെലുങ്കില്‍ നിന്ന് മാത്രം 95.1 കോടിയാണ് ആദ്യദിനം പുഷ്പ കളക്ട് ചെയ്തത്. ഹിന്ദിയിലും സിനിമ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 67 കോടിയും തമിഴില്‍ നിന്ന് ഒരു കോടിയുമാണ് ആദ്യദിനം പുഷ്പ സ്വന്തമാക്കിയത്. 82.66 ശതമാനമായിരുന്നു ആദ്യ ദിനത്തിലെ പുഷ്പയുടെ തെലുങ്ക് ഒക്യുപ്പെന്‍സി. 
 
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആദ്യദിനം കളക്ട് ചെയ്തത് 133 കോടിയാണ്. അതിനേക്കാള്‍ 40 കോടിയിലേറെയാണ് പുഷ്പ ഇപ്പോള്‍ കളക്ട് ചെയ്തിരിക്കുന്നത്. അതേസമയം പുഷ്പയുടെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 300 കോടി കടന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article