നിര്‍മാതാവ് ഗാന്ധിമതി ബാലന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ്‍ മോഹന്‍ലാല്‍ അനുശോചിച്ചുകൊണ്ടുള്ള കുറിപ്പിട്ടത്. പ്രിയപ്പെട്ട ഗാന്ധിമതി ബാലന്‍ ഓര്‍മ്മയായി. തൂവാനത്തുമ്പികള്‍ അടക്കം ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച എന്റെ പ്രിയ സഹോദരന്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്രയെത്ര ചിത്രങ്ങള്‍ക്കുപിന്നില്‍ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്‌നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍- മോഹന്‍ലാല്‍ കുറിച്ചു.
പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, പത്താമുദയം തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു അദ്ദേഹം.