Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

രേണുക വേണു

ശനി, 28 സെപ്‌റ്റംബര്‍ 2024 (16:15 IST)
Pushpan

Pushpan: ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് തലശേരി ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി പുഷ്പനെ സിപിഎം വിശേഷിപ്പിച്ചിരുന്നു. ഏതാണ്ട് 30 കൊല്ലത്തെ കിടപ്പുജീവിതത്തിനു അന്ത്യം കുറിച്ച് തന്റെ 54-ാം വയസ്സില്‍ പുഷ്പന്‍ വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നര മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് പുഷ്പന്‍ മരണത്തിനു കീഴടങ്ങി. 
 
1994 നവംബര്‍ 25 നു സ്വാശ്രയ കോളേജിനെതിരായ സമരം നടക്കുമ്പോഴാണ് പുഷ്പന് വെടിയേറ്റത്. ഡിവൈഎഫ്‌ഐ അംഗമായ പുഷ്പന് അന്ന് 24 വയസ്സായിരുന്നു. സമരത്തിനെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ കെ.കെ.രാജീവന്‍, കെ.വി.റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന് കഴുത്തിനു പിന്നിലാണ് വെടിയേറ്റത്. സുഷുമ്‌ന നാഡിക്കു ആഘാതമേറ്റതിനാല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും തളര്‍ന്നു. 
 
തളര്‍ന്ന ശരീരവും പോരാട്ടവീര്യം നിലയ്ക്കാത്ത മനസ്സുമായി മേനപ്രത്ത് ഡിവൈഎഫ്‌ഐ നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് പുഷ്പന്‍ കഴിഞ്ഞിരുന്നത്. സിപിഎമ്മാണ് പുഷ്പന്റെ ചികിത്സാ സഹായം വഹിച്ചിരുന്നത്. ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര അടക്കം നൂറുകണക്കിനു ആളുകളാണ് മേനപ്രത്തെ വീട്ടില്‍ പുഷ്പനെ കാണാന്‍ എത്തിയിരുന്നത്. വലതുപക്ഷവും മാധ്യമങ്ങളും തന്റെ ചികിത്സയുടെ പേരില്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിനു മറുപടി നല്‍കിയത് പുഷ്പന്‍ തന്നെയാണ്. പുഷ്പനെ പാര്‍ട്ടി അവഗണിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന സമയത്ത് പുഷ്പന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ മറുപടി ഇങ്ങനെയാണ്, ' കിടപ്പിലായ കാലം മുതല്‍ എന്നെ പരിചരിക്കുന്നതും സഹായിക്കുന്നതും പാര്‍ട്ടിയാണ്. മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഈ അപകടത്തില്‍പ്പെട്ടിരുന്നതെങ്കില്‍ പുതുക്കുടിയില്‍ പുഷ്പന്‍ ഒരു മാസം പോലും തികച്ചു ജീവിക്കില്ലായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്ത് എവിടെയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് എനിക്കറിയാം.' അടിമുടി പാര്‍ട്ടി സഖാവായി അതിജീവിക്കുകയായിരുന്നു പുഷ്പന്‍. 
 
യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പ്രതിഷേധത്തിനിടെ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കാലത്ത് അവധിക്കായി നാട്ടിലെത്തിയതാണ് പുഷ്പന്‍. അപ്പോഴാണ് ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തെ കുറിച്ച് അറിയുന്നതും അതില്‍ പങ്കെടുക്കാന്‍ പുഷ്പന്‍ എത്തുന്നതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍