സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം; 'സൗഹൃദ അവാർഡ്' ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ

Webdunia
വെള്ളി, 14 ഏപ്രില്‍ 2017 (10:44 IST)
64ആ മത് ദേശീയ ചലച്ചിത്ര പുരസ്കാരം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രിയദർശൻ അടങ്ങുന്ന പത്ത് പേർ ചേർന്ന ജൂറിയാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മോഹൻലാലിനും അക്ഷയ് കുമാറിനും അവാർഡ് നൽകിയതിനെ പലരും വിമർശിച്ചിരുന്നു. ഇതിനു മറുപടി നൽകുകയാണ് പ്രിയദർശൻ. 
 
മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡ് അല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കുന്നു. മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡാണെന്ന് പറയുന്നവര്‍ ആദ്യം ദേശീയ അവാര്‍ഡിന്റെ ഘടന പഠിക്കണം. റീജനല്‍ ജൂറിയില്‍ നിന്നുളള പത്തുപേരും ചെയര്‍മാനായ താനും ചേര്‍ന്നതാണ് ജൂറി. അവര്‍ക്കാര്‍ക്കും പ്രിയദര്‍ശന്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ട ആവശ്യമില്ല.
 
സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം. വോട്ടിങ് വേണ്ടി വന്നാല്‍ പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് തുല്യമായാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യൂ. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല, ജൂറിയിലുളളവര്‍.
 
ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും താന്‍ വോട്ടു ചെയ്തിട്ടില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവസാന റൗണ്ടില്‍ കിട്ടിയത് തുല്യവോട്ടുകളാണ്. താന്‍ കയറി വോട്ടുചെയ്ത് പ്രശ്‌നമുണ്ടാക്കേണ്ട എന്നുകരുതി വീണ്ടും ചര്‍ച്ച ചെയ്തു. മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടി. ജൂറിയിലുളളവര്‍ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹന്‍ലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും ആദ്യമായാണ് അത് കാണുന്നത്. സ്വാഭാവികമായും അവര്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തെന്ന് വരുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Next Article