മമ്മൂട്ടിയുടെ ആ വാക്കുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് പാർവതി

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (12:22 IST)
മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുക്കം ചിലരേ ഇന്നുള്ളു. അക്കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് നടി പാർവതിയും. ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളാണ് പാർവതി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ശക്തയായ സ്ത്രീയാണെന്ന് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ നടിക്കൊപ്പം നിൽക്കുന്നയാളാണ് പാർവതി. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തിയതും പാർവതി തന്നെയായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി നായകനായ കസബയ്ക്കെതിരെ പരാമർശം രേഖപ്പെടുത്തിയിരിക്കുകയാണ് പാർവതി. 
 
'ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നത്'. - എന്ന് പാർവതി പറയുന്നു. 
 
പേരെടുത്ത് പറയാതെയായിരുന്നു പാർവതി ആദ്യം ചിത്രത്തെ വിമർശിച്ചത്. എന്നാൽ, പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി മമ്മൂട്ടിയെ രൂക്ഷമായി വിമർശിച്ചത്.  ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞു.
 
രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പൺ ഫോറമിൽ സംസാരിക്കുകയായിരുന്നു പാർവതി. രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത 'കസബ' ഏറെ വിവാദങ്ങൾ സൃഷ്ടിച്ചി‌രുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article