സജിൻ ഗോപു നായകനാകുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായികയായി എത്തുന്നത്. സജിൻ ഗോപുവിൻറെ വിവിധ ഭാവങ്ങളാണ് പോസ്റ്ററിൽ. ഫഹദ് ഫാസിൽ ആൻറ് ഫ്രണ്ട്സിൻറെയും അർബൻ ആനിമലിൻറേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമാണം. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നതും.
'ആവേശം' സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സജിൻ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് പൈങ്കിളി. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.