ആറ്റുനോറ്റ് കിട്ടുന്ന കൂട്ടുകാരോട് എന്റെ കൂടെ നടക്കരുതെന്ന് പറയും, ടീച്ചേഴ്സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്: അനശ്വര രാജൻ

നിഹാരിക കെ.എസ്

വെള്ളി, 17 ജനുവരി 2025 (17:35 IST)
സിനിമയിൽ വന്നതോടെ തന്നെ അധ്യാപകർ പോലും ഒറ്റപ്പെടുത്തിയെന്ന് നടി അനശ്വര രാജൻ. സിനിമയിൽ എത്തിയതോടെ അറ്റൻഷനും ഫെയിമും കൂടി അതുകൊണ്ട് തന്റെ കൂട്ടുകാരോട് വരെ തന്റെ കൂടെ നടക്കരുതെന്ന് അധ്യാപകർ പറഞ്ഞു. തന്റെ ജീവിതം സെറ്റിൽ ആയി, അവളുടെ കൂടെ കറങ്ങാതെ കുട്ടികളുടെ ഭാവി നോക്കണമെന്ന് കൂട്ടുകാരുടെ മാതാപിതാക്കളോട് അധ്യാപകർ പറയാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.
 
സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റൻഷനുമൊക്കെ കൂടി. നേരത്തെ അറ്റൻഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാൻ. മോണോ ആക്ടും സ്പോർട്സുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒന്നും ബെസ്റ്റ് ആയിരുന്നില്ല. അതിനാൽ പ്രശംസ ലഭിച്ചിട്ടുമില്ല. അതിനാൽ ആദ്യമായി ജനശ്രദ്ധ കിട്ടുമ്പോൾ, പ്രശംസിക്കപ്പെടുമ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ആ ഫെയിം ഞാൻ ആസ്വദിച്ചു. പിന്നീട് അതിന്റെ പാർശ്വഫലവും ഞാൻ അനുഭവിച്ചു.
 
സ്‌കൂളിൽ മാർക്ക് കുറഞ്ഞാൽ നിന്റെ ജീവിതം സെറ്റിൽഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചർമാർ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റിൽഡ് ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാൻ പറയും. ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നു. ടീച്ചേഴ്സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. മാനസികമായി സഹിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂൾ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍