Thudarum Movie: മോഹൻലാലിന്റെ തുടരും എന്തുകൊണ്ട് തിയറ്ററിൽ തന്നെ കാണണം? അഞ്ച് കാരണങ്ങൾ

നിഹാരിക കെ.എസ്

വെള്ളി, 17 ജനുവരി 2025 (11:54 IST)
മോഹൻലാൽ-ശോഭന കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'തുടരും' ഈ മാസം അവസാനം തിയേറ്ററുകളിലേക്കെത്തും. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ കുപ്പായത്തിലേക്ക് ചേക്കേറുന്ന ചിത്രമാണ് 'തുടരും'. തരുൺ മൂർത്തി ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രമാണിത്. ഈ സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് പറയാനുള്ള അഞ്ച് കാരണങ്ങൾ നോക്കാം:
 
1. ശോഭന-മോഹൻലാൽ എവർഗ്രീൻ കോംബോ
 
15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയായാണ് ശോഭന ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹൻലാലിൻറെയും പോസ്റ്ററുകൾ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരുന്നു. എവർഗ്രീൻ കോംബോ എന്നാണ് ആരാധകർ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നത്. ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രം സമ്മാനിച്ച കൂട്ടുകെട്ട് ആണിവരുടേത്. ജീത്തു ജോസഫിന്റെ ദൃശ്യത്തിൽ ശോഭന ആയിരുന്നു നായിക ആകേണ്ടിയിരുന്നത്. അന്ന് നടക്കാതെ പോയ കൂട്ടുകെട്ട് വീണ്ടും തുടരും എന്ന ചിത്രത്തിലൂടെ സംഭവിക്കുകയാണ്. 
 
2. തനി നാട്ടിൻപുറത്ത് കാരനായ മോഹൻലാൽ 
 
കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥനായിട്ടാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. തനി നാട്ടിന്പുറത്തുകാരനായ ഒരു സാധാരണക്കാരനായ മോഹൻലാലിനെ മലയാളികൾ കണ്ടിട്ട് വർഷങ്ങളായി.

മോഹൻലാലിനെ എന്നും ജനപ്രിയമാക്കിയിട്ടുള്ളത്, നമ്മളിൽ ഒരുവൻ എന്ന് തോന്നുന്ന സാധാരണക്കാരൻ കഥാപാത്രമാണ്. മലയാളിക്ക് എത്ര കണ്ടാലും മടുക്കാത്ത സംഗതി ആണത്. അത്തരമൊരു റോളിൽ മോഹൻലാലിനെ കണ്ടിട്ട് കാലമെറെ ആവുന്നു. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹൻലാൽ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്. 
 
3. സാധാരണക്കാരന്റെ ജീവിതം, സിനോപ്‌സിസ് ഇങ്ങനെ
 
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നൽകുന്നതാണ്. ഫീൽ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളിൽ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഫീൽ​ഗുഡ് എന്നതിനെക്കാൾ ഒ​രാളുടെ ജീവിതമാണ് 'തുടരും' എന്ന സിനിമ. സംവിധായകന്റെ ഭാഷയിൽ പറയുകയാണെങ്കിൽ മോഹൻലാലിന്റെ വൈകാരിത, പരാധീനതകൾ, ഇവയൊക്കെയാണ് ഈ സിനിമയുടെ 80 ശതമാനത്തോളവും. ഇതിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നതും.  
 
4. ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം 
 
'തുടരും' ഒരു ഫീൽ ഗുഡ് സിനിമയാണെന്ന് അവകാശവാദമാണ് അണിയറ പ്രവർത്തകർ ഉന്നയിക്കുന്നത്. നർമത്തിൽ ചാലിച്ച ഒരു കുടുബകഥ എന്നാണ് സംവിധായകന്റെയും ഭാഷ്യം. എന്നാൽ, ചിത്രത്തിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ആരാധകരെ ആകാംഷയിലാക്കിയിട്ടുണ്ട്. സംഭവം ഒറ്റനോട്ടത്തിൽ വളരെ സിംപിൾ ആണ്. എന്നാൽ, അതിന്റെ ഡിസൈനിൽ ചില രഹസ്യങ്ങളൊക്കെയുണ്ട്. 'രും' എന്ന ഭാഗത്ത് രണ്ട് തുന്നി ചേർക്കൽ ഉണ്ട്. ഇത് ഒരു ദുരൂഹത ഉണർത്തുന്നുണ്ട്. ഒരു അപകടത്തെയോ മറ്റോ അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നതെന്നാണ് ചിലരുടെ കണ്ടെത്തൽ.  
 
5. തരുൺ മൂർത്തി ഫാക്ടർ 
 
ലാലേട്ടനെയും സത്യൻ അന്തിക്കാടിന്റെയും സിനിമകൾ കാണാനെത്തുന്ന പ്രേക്ഷകനുള്ള ഒരു ട്രിബ്യൂട്ടാണ് തരുണിന്റെ 'തുടരും' എന്ന ചിത്രം. സത്യൻ അന്തിക്കാട് വൈബിൽ മോഹൻലാൽ‌- ശോഭന കോമ്പോയുടെ ഒരു കുടുംബ ചിത്രം, അതാണ് തുടരും. തരുൺ മൂർത്തിയുടെ മുൻ സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകർ ഉറപ്പായും വലിയൊരു സസ്‌പെൻസ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. എന്താണ് തുടരുന്നതെന്ന് ചോദിച്ചാൽ അതൊരാളുടെ ജീവിതമാണെന്നാണ് തരുൺ മൂർത്തിയുടെ മറുപടി. 
 
തരുൺ മൂർത്തിയെന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ് തുടരും.  സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിക്കൊപ്പം കെ.ആർ.സുനിൽ കൂടി ചേർന്നാണ് മോഹൻലാൽ-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമാണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍