2025 ൽ മമ്മൂട്ടിയുടേതായി പുത്തൻ റിലീസുകൾ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആൻഡ് ലേഡീസ് പേഴ്‌സ് ഈ മാസം അവസാനത്തോടെയാണ് റിലീസ്. ഇതിനിടെ, മമ്മൂട്ടിയുടെ ഒരു ചിത്രം തിയേറ്ററുകളിലെത്തി. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ ആവനാഴി ആണ് റീറിലീസ് നടത്തിയിരിക്കുന്നത്.
മമ്മൂട്ടി നായകനായി ഐവി ശശി സംവിധാനം ചെയ്ത ആവനാഴിക്ക് രണ്ടാം വരവിൽ വമ്പൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ടി ദാമോദരന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ വലിയ വിജയം നേടിയിരുന്നു. 'ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ ആവനാഴി പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 38 വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയത്. 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം ഗീത, സീമ സുകുമാരൻ, നളിനി, ക്യാപ്റ്റൻ രാജു, ശ്രീനിവാസൻ, ജഗന്നാഥവർമ്മ, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, സി.ഐ. പോൾ, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായർ, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, പ്രതാപചന്ദ്രൻ , ഷഫീക്ക്, അമിത് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രം നാളെ പ്രദർശനത്തിന് എത്തിക്കുന്നത് റോസിക എന്റർപ്രെസസ്, സ്നേഹ മൂവീസ്, സെഞ്ച്വറി വിഷൻ എന്നിവർ ചേർന്നാണ്.