സിനിമകള്‍ ഓരോന്നായി പരാജയപ്പെടുമ്പോള്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടന്‍ അക്ഷയ് കുമാര്‍. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം.ഞാന്‍ മരിച്ചിട്ടില്ല ഇവിടെ തന്നെയുണ്ട്, പൂര്‍വാധികം ശക്തിയോടെ ജോലി ചെയ്തുകൊണ്ടിരിക്കുമെന്നാണ് നടന്‍ പറഞ്ഞത്. ചിത്രങ്ങള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്ക് അനുശോചന സന്ദേശങ്ങളാണ് വരുന്നത് എന്ന് അക്ഷയ് കുമാര്‍ പറയുന്നു. താന്‍ അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തന്നെ തേടി സിനിമകള്‍ വരുന്നിടത്തോളം കാലം ജോലി ചെയ്യുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നുണ്ട്. എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ച് കഴിഞ്ഞ് അയയ്ക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ 'അക്ഷയ് കുമാര്‍ തിരിച്ചുവരും' എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു. കഠിനാധ്വാനം ചെയ്യുന്നതിലാണ് ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ആളുകള്‍ എന്ത് പറഞ്ഞാലും ഞാന്‍ എപ്പോഴും പണിയെടുത്തുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല',- അക്ഷയ് കുമാര്‍ പറഞ്ഞു.