' Say it, Say it !!' എന്നുപറഞ്ഞ് ഗിയറുകേറ്റി വിട്ട പുള്ളി; 'ടോക്‌സിക്' സ്‌നീക് പീക്കിനു പിന്നാലെ ഗീതുവിനെ ഉന്നമിട്ട് നിതിന്‍ രഞ്ജി പണിക്കര്‍

രേണുക വേണു

ബുധന്‍, 8 ജനുവരി 2025 (16:07 IST)
Nithin Renji Panicker and Geetu Mohandas

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്‌സിക്'. യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു സ്‌നീക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. യാഷിന്റെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് സ്‌നീക് പീക്ക് വീഡിയോ. എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഗീതു മോഹന്‍ദാസിനെ ഉന്നമിട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. 
 
നിതിന്‍ ആദ്യമായി സംവിധാനം ചെയ്ത 'കസബ' എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ നടി പാര്‍വതി തിരുവോത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം വനിത പൊലീസ് ഉദ്യോഗസ്ഥയുടെ അരയ്ക്കു പിടിക്കുന്ന സീനിനെതിരെയാണ് അന്ന് പാര്‍വതി സംസാരിച്ചത്. സിനിമയുടെ പേര് പറയാന്‍ ആദ്യം പാര്‍വതി മടിക്കുകയും പിന്നീട് 'Say it, Say it!!' എന്നു ഗീതു മോഹന്‍ദാസ് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ പരോക്ഷമായി ഉദ്ദേശിച്ചാണ് നിതിന്‍ രഞ്ജി പണിക്കരുടെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 
' സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന, 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്‌കാരം...'Say it Say it !!' എന്നുപറഞ്ഞ് ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി..???' എന്നാണ് നിതിന്റെ വാക്കുകള്‍ #Toxic എന്ന ഹാഷ് ടാഗും നിതിന്‍ നല്‍കിയിട്ടുണ്ട്. 
 
ടോക്‌സിലേക്ക് എത്തിയപ്പോള്‍ യാഷിലെ സൂപ്പര്‍താരത്തേയും പുരുഷമേല്‍ക്കോയ്മയേയും ഗീതു ആഘോഷിക്കുകയാണെന്നാണ് സ്‌നീക് പീക്ക് വീഡിയോയ്ക്കു ശേഷം നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍