അന്ന് ആ ചടങ്ങിൽ ചിരിച്ച് നിന്നതിന് കാരണമുണ്ട്: വ്യക്തമാക്കി ഹണി റോസ്

നിഹാരിക കെ.എസ്

ബുധന്‍, 8 ജനുവരി 2025 (12:26 IST)
നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. വയനാട് വച്ചാണ് കൊച്ചി പൊലീസും വയനാട് പൊലീസും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ബോബി ചെമ്മണ്ണൂരിനതിരെ ഹണി റോസ് നല്‍കിയത് ലൈംഗിക അധിക്ഷേപത്തിനെതിരെയുള്ള ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പരാതിയാണ്.
 
നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണ് ഹണി വിശദമായ പരാതി പൊലീസില്‍ നല്‍കിയത്. ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ തന്റെ പേര് മറയ്ക്കരുതെന്നും ഹണി റോസ് ആവശ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയപ്പോഴാണ് ബോബി ചെമ്മണ്ണൂര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചത്.
 
ഹണിയെ കാണുമ്പോള്‍ മഹാഭാരതത്തിലെ കുന്തി ദേവിയെ ഓര്‍മ്മ വരുന്നു എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുകയായിരുന്നു. കണ്ണൂരില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉദ്ഘാടനത്തിനിടെ ഹണിയെ വട്ടം കറക്കി സ്വര്‍ണ്ണ മാലയുടെ പിന്‍ഭാഗം കാണാനായാണ് കറക്കിയതെന്നും പറഞ്ഞിരുന്നു. ഉദ്ഘാടന വേദിയില്‍ അപമാനകരമായി പെരുമാറിയപ്പോള്‍ ഉള്ളില്‍ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണ് ചിരിച്ച് നിന്നത്. പിന്നീട് ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നും നടിയുടെ പരാതിയിലുണ്ട്.
 
പിന്നീട് ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ തൃപ്രയാര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിന് വിളിച്ചെങ്കിലും പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് ഹണി റോസ് അറിയിച്ചു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍